ബിജാപൂരില്‍ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിജാപൂരില്‍ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു


റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാന പൊലീസ് യൂണിറ്റായ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റതായും പൊലീസ് അറിയിച്ചു. 

സംഭവ സ്ഥലത്തു നിന്നും ഒരു ഇന്‍സാസ് റൈഫിളും ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചറും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. 

ഗംഗലൂര്‍ പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ വനത്തില്‍ രാവിലെ എട്ടരയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്, സംസ്ഥാന പൊലീസിന്റെ ഡിആര്‍ജിയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സും എലൈറ്റ് യൂണിറ്റ് കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷനും (സിഒബിആര്‍എ) മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ടപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ബസ്തര്‍ റേഞ്ച്) സുന്ദര്‍രാജ് പി പറഞ്ഞു.

നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- ാവോയിസ്റ്റുകളുടെ 'വെസ്റ്റ് ബസ്തര്‍ ഡിവിഷനിലെ' കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

'സംഭവസ്ഥലത്ത് നിന്ന് എട്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എല്ലാവരും പുരുഷന്മാരാണ്. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. ഒരു ഇന്‍സാസ് റൈഫിള്‍, ഒരു .12 ബോര്‍ റൈഫിള്‍, ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, മറ്റ് അഞ്ച് ആയുധങ്ങള്‍ എന്നിവ ഞങ്ങള്‍ കണ്ടെടുത്തു' സുന്ദര്‍രാജ് പറഞ്ഞു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അവര്‍ ഗംഗലൂര്‍ ഏരിയ കമ്മിറ്റി, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ) കമ്പനി നമ്പര്‍ 2, മാവോയിസ്റ്റുകളുടെ വെസ്റ്റ് ബസ്തര്‍ ഡിവിഷന് കീഴിലുള്ള ഒരു മിലിഷ്യ കമ്പനി എന്നിവയില്‍ പെട്ടവരാണെന്ന് തോന്നുന്നതായി അദ്ദേഹം പറഞ്ഞു.

വിജയത്തിന് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് സുരക്ഷാ സേനയെ പ്രശംസിച്ചു.

ആയുധങ്ങള്‍ ഉപേക്ഷിക്കാനും കീഴടങ്ങാനും സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികള്‍ പ്രയോജനപ്പെടുത്താനും മുഖ്യമന്ത്രി മാവോയിസ്റ്റുകളോട് അഭ്യര്‍ഥിച്ചു.

ഈ ഏറ്റുമുട്ടലോടെ, ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് നടന്ന ഏറ്റുമുട്ടലുകളില്‍ 49 നക്‌സലൈറ്റുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 33 പേര്‍ ബിജാപൂര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്.