ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ബിഹാറിന് നല്‍കിയ അമിത പരിഗണനയ്‌ക്കെതിരെ പ്രതിപക്ഷം വിമര്‍ശമുയര്‍ത്തിയപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ധനമന്ത്രിയെ പരിഹസിക്കുന്ന ട്രോളുകള്‍ നിറഞ്ഞു. ബിഹാറിന് വമ്പന്‍ പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വ്യവസായ, കാര്‍ഷിക, വ്യോമയാന, വിദ്യഭ്യാസ മേഖലകളില്‍ നിരവധി പദ്ധതികളാണ് കേന്ദ്രം നല്‍കിയത്. മഖാന (താമര വിത്ത്) കൃഷി ചെയ്യുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി 'മഖാന ബോര്‍ഡ്', വ്യോമയാന രംഗത്തെ മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറില്‍ പുതിയ ഗ്രീന്‍ഫ്രീല്‍ഡ് എയര്‍പോര്‍ട്ട്, പട്ന വിമാനത്താവളത്തിന്റെ വികസനം എന്നിവയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
മിഥിലാഞ്ചല്‍ മേഖലയില്‍ ഒരു കനാല്‍ പദ്ധതിയും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. പട്നയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഐഐടിക്ക് പുതിയ ഹോസ്റ്റലും പദ്ധതിയിലുണ്ട്. കൂടാതെ ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും സംസ്ഥാനത്ത് പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം തുടങ്ങുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
ബജറ്റില്‍ സംസ്ഥാനത്തിന് നല്‍കിയ അമിത പ്രാധാന്യത്തെ പ്രതിപക്ഷം പരിഹസിച്ചുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ബിഹാറിനുള്ള കേന്ദ്രത്തിന്റെ പ്രോത്സാഹനം സ്വാഭാവികമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയിലും ചിലര്‍ ധമന്ത്രിയെ ട്രോളി രംഗത്ത് വന്നിട്ടുണ്ട്.
ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി കൂടുതല്‍ പറഞ്ഞ വാക്ക് ബിഹാര്‍ ആണ് എന്നാണ് ചിലരുടെ പരിഹാസം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതിരുന്ന ബിജെപിയ്ക്ക് നിതീഷ് കുമാറിന്റെ ജെഡിയുവും ആന്ധ്രയിലെ തെലുഗു ദേശം പാര്‍ട്ടിയുമാണ് കരുത്ത് പകര്‍ന്നത്. കഴിഞ്ഞ ബജറ്റില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വാരിക്കോരി കൊടുക്കുകയും ചെയ്തു.
എന്നാല്‍ ഇത്തവണ ബിഹാറിനുള്ള അമിത പ്രാധാന്യം തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ബിഹാറില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യം വച്ചാണ് നിതീഷ് കുമാറിന്റെ ജെഡിയു ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
'ബിഹാര്‍, ബിഹാര്‍' ബജറ്റ് അവതരണത്തിന് ധനമന്ത്രി വാ തുറന്നത് ബിഹാറിനുവേണ്ടിയെന്ന് സോഷ്യല്‍ മീഡിയ