സംസ്ഥാന കലാപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന കലാപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു


തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ 2024-ലെ സംസ്ഥാന കലാപുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം, കേരളീയ നൃത്ത- നാട്യ പുരസ്‌കാരം എന്നിവയാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരങ്ങള്‍. 

നാടിന്റെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ സമാനതകളില്ലാത്ത പങ്കുവഹിച്ച പ്രതിഭകളെയാണ് വിദഗ്ധ സമിതികളുടെ ശുപാര്‍ശ പ്രകാരം പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു. 2024ലെ സംസ്ഥാന കഥകളി പുരസ്‌കാരം കഥകളി സംഗീതജ്ഞന്‍ കലാനിലയം ഉണ്ണികൃഷ്ണനും കഥകളി വേഷത്തില്‍ പ്രാവീണ്യം തെളിയിച്ച കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും പങ്കിട്ടു.

ഡോ. പി വേണുഗോപാല്‍, ഡോ. എം വി നാരായണന്‍, മനോജ് കൃഷ്ണ എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ നിര്‍ണയിച്ചത്. വാദ്യകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരത്തിന് പ്രശസ്ത തിമില കലാകാരന്‍ ചോറ്റാനിക്കര വിജയന്‍ മാരാര്‍ അര്‍ഹനായി. ഡോ. ടി എസ് മാധവന്‍കുട്ടി, ഡോ. എന്‍ പി വിജയകൃഷ്ണന്‍, കെ ബി രാജാനന്ദ് എന്നിവരായിരുന്നു ഈ സമിതിയിലെ അംഗങ്ങള്‍.

കേരളീയ നൃത്ത- നാട്യ പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ടം കലാകാരി വിനീത നെടുങ്ങാടിയെ തെരഞ്ഞെടുത്തു. ഡോ. കെ ജി പൗലോസ്, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോ. സുധ ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഹുസ്നബാനു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേത്രിയെ നിശ്ചയിച്ചത്. കലാരംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്ന പ്രതിഭകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.