കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി

കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി


തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ആണ് തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ വ്യാജ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തതിനുശേഷം മന്ത്രിയെ മണ്ഡലത്തില്‍ കണ്ടിട്ടേയില്ലെന്നും പ്രതിഷേധ സൂചകമായി നല്‍കിയ പരാതിയില്‍ ഗോകുല്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍പും ആവര്‍ത്തിച്ചുന്നയിച്ചിട്ടുള്ള പരാതിയാണ് മണ്ഡലത്തില്‍ എംപിയെ കാണാനില്ലെന്ന്. ഇതിനിടയിലാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ ഔദ്യോഗിക പരാതി നല്‍കുന്നത്. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ വ്യാജ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തതിന് ശേഷം മന്ത്രിയെ മണ്ഡലത്തില്‍ കാണാനില്ലെന്നും തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം എന്നുമാണ് കെഎസ്‌യു നേതാവിന്റെ ആവശ്യം.

തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ ഇമെയില്‍ മുഖേനയാണ് കഴിഞ്ഞ ദിവസം ഗോകുല്‍ പരാതി നല്‍കിയത്. പ്രതിഷേധ സൂചകമായി നല്‍കിയ പരാതിക്കൊപ്പം സുരേഷ് ഗോപിക്കെതിരായ ക്യാമ്പയിന് തുടക്കമിടാനും കെഎസ്‌യു തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം കന്യാസ്ത്രീകള്‍ക്കെതിരായ കേസിലും 'വോട്ട് ചോരി' വിവാദത്തിലും അടക്കം ആരോപണങ്ങള്‍ നിലനില്‍ക്കെ വിശദീകരണം നല്‍കാനോ പ്രതികരണം നടത്താനോ സുരേഷ് ഗോപി ഇതുവരെ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാക്കളും പാര്‍ട്ടികളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മൗനം തുടരുന്ന മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കൂടിയാണ് പരാതി നല്‍കാന്‍ കെഎസ്‌യു തയ്യാറായതെന്നും ഗോകുല്‍ പരാതിയില്‍ പറഞ്ഞു.

സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഓഫിസിന് പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കി. തൃശ്ശൂര്‍ ചേറൂര്‍ ഓഫിസില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.