ശബരിമല: കടുത്ത മഴയിലും മിഥുന മാസം ഒന്നിന് പുലര്‍ച്ചെ ശബരിമല നടന്ന തുറക്കുമ്പോള്‍ അയ്യപ്പനെ തൊഴാനെത്തിയത് ആയിരങ്ങള്‍. തിരക്ക് വര്‍ധിച്ചപ്പോള്‍ മാത്രം ഫ്‌ളൈ ഓവറിലൂടെയും അല്ലാത്ത സമയങ്ങളില്‍ കൊടിമരച്ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലേക്ക് നേരിട്ടുമാണ് ഭക്തരെ കടത്തിവിട്ട് ദര്‍ശനം ക്രമീകരിച്ചത്. പമ്പാ സന്നിധാനം പാതയിലും അതിശക്തമായ മഴ പെയ്യുന്നതിനാല്‍ ആവശ്യമായ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.
കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പ ത്രിവേണിയില്‍ കുളിക്കുന്നതിനും നദിയിലിറങ്ങുന്നതിനും ജില്ലാ ഭരണകൂടം താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ത്രിവേണിയിലെ വാഹന പാര്‍ക്കിങ്ങിനും താത്ക്കാലിക നിയന്ത്രണങ്ങളുണ്ട്.