മലപ്പുറം: പുലർച്ചെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു. മലപ്പുറം കാളികാവിലാണ് സംഭവം. ടാപ്പിങ്ങിനിടെ ഉൾക്കാട്ടിലേക്ക് കടുവ കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം നടന്നത്.
നിലമ്പൂർ ചോക്കാട് കല്ലാമുല സ്വദേശി ഗഫൂറാണ് മരിച്ചത്. പുലർച്ചെ ടാപ്പിങ്ങിൽ ഏർപ്പെട്ട തൊഴിലാളികളെ കടുവ ആക്രമിക്കുകയായിരുന്നു. ഗഫൂറിന്റെ കഴുത്തിൽ കടിച്ച് കടുവ ഉൾക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് സമദ് പറഞ്ഞു.
വനത്തോടു ചേർന്നുള്ള തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. സംഭവം അറിഞ്ഞ് പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്.
സൗത്ത് ഡിഫ്ഒ ധനിത് ലാൽ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടൻ കാളിക്കാവിൽ എത്തും. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
പുലർച്ചെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു
