സതീശനെതിരായ അഴിമതി ആരോപണത്തില്‍ മാപ്പ്: യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പിവി അന്‍വര്‍

സതീശനെതിരായ അഴിമതി ആരോപണത്തില്‍ മാപ്പ്: യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പിവി അന്‍വര്‍


തിരുവനന്തപുരം: യുഡിഎഫിന് നിരപാധിക പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചു.

ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.  

കോണ്‍ഗ്രസിന്റ പ്രധാന ഉപാധിക്ക് വഴങ്ങിയ അന്‍വര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തില്‍ മാപ്പ് പറഞ്ഞു. നിയമ സഭയില്‍ വിഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നില്‍ പി ശശിയാണെന്ന് അന്‍വര്‍ വെളിപ്പെടുത്തി. സഭയില്‍ താന്‍ തന്നെ അഴിമതിയാരോപണം ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു. വിഷയം ശരിയല്ലേ എന്ന് ചോദിച്ചപ്പോള്‍ പൂര്‍ണ്ണമായും ശരിയെന്നായിരുന്നു മറുപടി ലഭിച്ചത്. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണം. തന്നെ കോണ്‍ഗ്രസിന്റ ശത്രു ആക്കാന്‍ ഗൂഢാലോചന ഉണ്ടായെന്നും അന്‍വര്‍ ആരോപിച്ചു.

കേരളത്തിലെ പിണറായിസത്തിനെതിരെയും ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയും പോരാടുമെന്ന് പിവി അന്‍വര്‍ വാര്‍ത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചു. എംഎല്‍എ സ്ഥാനം രാജി വെക്കാനുളള നിര്‍ദേശം മുന്നോട്ട് വെച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയാണ്. രാജി വെക്കാന്‍ ഉദ്ദേശിച്ചല്ല കൊല്‍ക്കത്തയില്‍ പോയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. വീഡിയോ കോണ്‍ഫറെന്‍സില്‍ മമതയുമായി സംസാരിച്ചു. മമത ബാനര്‍ജിയാണ് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചത്. രാജി വെക്കുന്ന കാര്യം നേരത്തെ സ്പീക്കറെ ഇ മെയില്‍ മുഖേന അറിയിച്ചിരുന്നു.  

കേരളം നേരിടുന്ന പ്രധാന പ്രശ്‌നം വന്യ ജീവി ആക്രമണങ്ങളാണ്. ഇതില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്ന് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി സഹകരിച്ചു പോയാല്‍ ദേശീയ തലത്തില്‍ പ്രശ്നം ഉന്നയിക്കാമെന്നു മമത എനിക്ക് ഉറപ്പ് നല്‍കി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടി പോരാട്ടം. ആദ്യ ഘട്ടം  പോരാട്ടം  എംആര്‍ അജിത് കുമാര്‍ അടക്കമുള്ളവര്‍ക്ക് എതിരെയായിരുന്നു. ഇത് പോരാട്ടത്തിന്റ അടുത്ത ഘട്ടമാണ്. ആദ്യം മുഖ്യമന്ത്രിക്ക് എതിരെ ഒന്നും പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രി തന്നെ തള്ളിപറഞ്ഞതോടെയാണ് എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രി തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. താന്‍ ഒരുപാട് പാപ ഭാരങ്ങള്‍ ചുമന്ന ആളാണ് ഞാനെന്നും അന്‍വര്‍ പറഞ്ഞു.  
നിലമ്പൂരില്‍ ആര്യാടന്‍ ഷൌക്കത്തിനെ പിന്തുണക്കില്ലെന്ന സൂചനയാണ് അന്‍വര്‍ നല്‍കുന്നത്. ആര്യാടന്‍ ഷൌക്കത്ത് ആരാണ് എന്നായിരുന്നു ചോദ്യം. ആര്യാടന്‍ മുഹമ്മദിന്റെ മകനല്ലേ. സിനിമ എടുക്കുന്ന ആള്‍ അല്ലെ. അദ്ദേഹം നാട്ടില്‍ ഉണ്ടോ എന്നും അന്‍വര്‍ പരിഹസിച്ചു.  ഷൌക്കത്ത് മത്സരിച്ചാല്‍ പിന്തുണ നല്‍കല്‍ പ്രയാസമാണ്. ജയിക്കുന്നതും പ്രയാസമാണെന്നും അന്‍വര്‍ പറഞ്ഞു.