കൊച്ചി : കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ സ്‌റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. എംഎല്‍എയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. എന്നാല്‍ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലുളള ചികിത്സ തുടരും
അതേസമയം, ഉമാ തോമസ് അപകടത്തില്‍പെട്ട നൃത്തപരിപാടി വിവാദത്തില്‍ ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായതായി ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പ്രതികരിച്ചു. സംഘാടനത്തില്‍ വീഴ്ചയുണ്ടെന്ന് ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.
അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് എസ് ഉഷയെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. പരിപാടിക്ക് അനുമതി വാങ്ങുന്ന കാര്യത്തിലടക്കം സംഘാടകര്‍ വീഴ്ച വരുത്തിയെന്നും കോര്‍പറേഷന്റെ അനുവാദം ഉള്‍പ്പെടെ വാങ്ങേണ്ടതായിരുന്നു എന്നും യോഗം വിലയിരുത്തി. സംഭവം ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയന്‍ അന്വേഷിക്കും.
ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി