വയലാര്‍ അവാര്‍ഡ് ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്

വയലാര്‍ അവാര്‍ഡ് ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്


തിരുവനന്തപുരം: 2025-ലെ വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ സാഹിത്യഅവാര്‍ഡ് ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്ക്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി.


ജൂറി അംഗങ്ങളായ ടി ഡി രാമകൃഷ്ണന്‍, ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരാണ് നോവല്‍ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം. 


വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടക്കും. ഈ വര്‍ഷം 19411 പേരോട് പ്രസക്ത കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച അവാര്‍ഡിന് പരിഗണിക്കാവുന്ന മൂന്ന് കൃതികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ അപേക്ഷിച്ചിരുന്നു. 378 പേരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. മൊത്തം 293 കൃതികളുടെ പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച അഞ്ച് കൃതികള്‍ തെരഞ്ഞെടുത്ത് 20 പേരുടെ പരിഗണനയ്ക്കായി അയച്ചു. ഇവരുടെ പരി ശോധനയില്‍ കൃതികള്‍ക്കു ലഭിച്ച മുന്‍ഗണനാക്രമം ഒന്നാം റാങ്കിന് 11 പോയിന്റ, രണ്ടാം റാങ്കിന് 7 പോയിന്റ്, മൂന്നാം റാങ്കിന് 3 പോയിന്റ് എന്ന ക്രമത്തില്‍ വിലയിരുത്തി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച മൂന്ന് കൃതികള്‍ ജഡ്ജിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ആ മൂന്ന് കൃതികളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തെരഞ്ഞെടുക്കപ്പെട്ടത്.


മദ്രാസിലെ ആശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി 10-ാം ക്ലാസ്സ് പാസ്സാകുന്ന വിദ്യാര്‍ഥിക്ക് വര്‍ഷം തോറും 5000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വയലാര്‍ രാമവര്‍മ്മയുടെ പേരില്‍ വയലാര്‍ ട്രസ്റ്റ് നല്‍കുന്നുണ്ട്. പ്രസ്തുത സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ നല്‍കും. 2025-ലെ സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ 100-ല്‍ 93 മാര്‍ക്ക് നേടിയ ധരന്‍ വി അജിയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹനായത്. 


വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങളും കവിതകളും കൃതികളും കോര്‍ത്തിണക്കിയുള്ള കവിതാലാപാനം, നൃത്താവിഷ്‌കാരം, ശാസ്ത്രീയ സംഗീതസമര്‍പ്പണം, ഗാനാജ്ഞലി എന്നിവ അരങ്ങേറും.