വിസി സെര്‍ച്ച് പാനല്‍: 10 പേരുടെ പട്ടിക സമര്‍പ്പിച്ച് സര്‍ക്കാര്‍; ഗവര്‍ണര്‍ നല്‍കിയത് എട്ടു പേരുകള്‍, ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

വിസി സെര്‍ച്ച് പാനല്‍: 10 പേരുടെ പട്ടിക സമര്‍പ്പിച്ച് സര്‍ക്കാര്‍; ഗവര്‍ണര്‍ നല്‍കിയത് എട്ടു പേരുകള്‍, ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി


തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി പത്ത് അംഗങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചു. സംസ്ഥാനത്തു നിന്നുള്ള അക്കാദമിക് വിദഗ്ധരായ പത്തു പേരുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശിയാണ് പട്ടിക തയ്യാറായതായി അറിയിച്ചത്.

സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയിലെ വിസി നിയമനത്തിനായാണ് സര്‍ക്കാര്‍ അഞ്ചുപേര്‍ വീതം എന്ന കണക്കില്‍ 10 പേരുടെ പട്ടിക തയ്യാറാക്കിയത്. വിസി സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി ഗവര്‍ണര്‍ എട്ടു പേരുടെ പട്ടിക തയ്യാറാക്കി. പട്ടിക അറ്റോര്‍ണി ജനറലിനാണ് കൈമാറിയത്. അക്കാദമിക യോഗ്യതകള്‍ മാത്രം പരിഗണിച്ചു കൊണ്ടുള്ള പട്ടികയാണ് രാജ്ഭവന്‍ തയ്യാറാക്കിയതെന്നാണ് സൂചന. സര്‍ക്കാര്‍ പട്ടിക അറ്റോര്‍ണി ജനറലിന് കൈമാറാനും കോടതി നിര്‍ദേശിച്ചു.

പട്ടികയില്‍ നിന്നും നാലംഗങ്ങളുടെ അന്തിമ പട്ടിക കോടതി തയ്യാറാക്കുമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല വ്യക്തമാക്കി. സെര്‍ച്ച് പാനലിലേക്കുള്ള യുജിസി അംഗത്തെ നിര്‍ദേശിക്കാന്‍ യുജിസി ചെയര്‍മാനും കോടതി നിര്‍ദേശം നല്‍കി. വിസി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് മാറ്റി.

വിസി നിയമനത്തിലെ സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തര്‍ക്കം അതിരു കടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതി മുന്‍കൈയെടുത്ത് സെര്‍ച്ച് പാനല്‍ രൂപീകരിക്കാമെന്ന് നിര്‍ദേശിച്ചത്. ഇതിനായി നാലുപേരുടെ വീതം പേര് നിര്‍ദേശിക്കാനും ആവശ്യപ്പെട്ടിരുന്നു