അനധികൃത സ്വത്ത് സമ്പാദനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

അനധികൃത സ്വത്ത് സമ്പാദനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ


തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. പിവി അന്‍വര്‍ എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് വിജലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. എഡിജിപിക്കെതിരെ അന്‍വറിന്റെ പരസ്യമായ ആരോപണങ്ങള്‍ ബുധനാഴ്ച ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലും ചര്‍ച്ചയായിരുന്നു.
ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം തുടങ്ങി, അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ.

ഡിജിപി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ശുപാര്‍ശ വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക.

അതേസമയം, പി.വി അന്‍വര്‍ എം.എല്‍.എ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് പാത്രമായ എ.ഡി.ജി.പി അജിത് കുമാറിനെതിരെ തിടുക്കത്തില്‍ നടപടികള്‍ വേണ്ടെന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനിച്ചിരുന്നു. അന്വേഷണം തീരും വരെ നടപടി വേണ്ടെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ സ്വീകരിച്ചതോടെയാണ് അജിത്കുമാറിന് അനുകൂലമായി തീരുമാനം എടുത്ത് യോഗം പിരിഞ്ഞത്.

യോഗത്തിന് മുമ്പ് സി.പി.ഐ, എന്‍.സി.പി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ കക്ഷികള്‍ എല്ലാം എ ഡി ജി പിയെ മാറ്റണയെന്ന നിലപാട് പരസ്യമാക്കിയിരുന്നു. എന്നാല്‍, നടപടി വേണ്ടെന്ന് എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. എഡിജിപി അജിത്കുമാറിനെ സംരക്ഷിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് എല്‍ഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു.