ചരിത്രം പിറന്നു! ഇന്ത്യന്‍ താരം ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ചെസ് ലോക ചാമ്പ്യന്‍

ചരിത്രം പിറന്നു! ഇന്ത്യന്‍ താരം ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ചെസ് ലോക ചാമ്പ്യന്‍


സിംഗപ്പൂര്‍:  2024 ലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ 14-ാം ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ ഡിംഗ് ലിറനെ തോല്‍പ്പിച്ച്  യുവ ഇന്ത്യന്‍ പ്രതിഭയായ ഡി. ഗുകേഷ് ലോക ചാമ്പ്യനായി. ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ ആയി ഇതോടെ 18കാരന്‍ മാറി. സിംഗപ്പൂരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയില്‍ നടന്ന സീരീസിലെ അവസാന മത്സരത്തില്‍ ജയിച്ചാണ് ഗുകേഷ് ചരിത്രം കുറിച്ചത്.

രണ്ട് കളിക്കാരും 6.5 പോയിന്റ് വീതം പോയിന്റ് നേടി സമനിലയില്‍ നില്‍ക്കുകയയിരുന്നു. ഇന്നത്തെ ജയം ഗുകേഷിനെ ലോക ചാമ്പ്യന്‍ ആകാനുള്ള 7.5 പോയിന്റില്‍ എത്തിച്ചു. 3 മത്സരങ്ങള്‍ ആകെ ഗുകേഷ് ജയിച്ചപ്പോള്‍ ഡിംഗ് ലിറന്‍ രണ്ടെണ്ണം ജയിച്ചു. ബാക്കി 9 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ഓപ്പണിംഗ് ഗെയിം വിജയിച്ച 32 കാരനായ ചൈനീസ് ഗ്രാന്‍ഡ്മാസ്റ്ററിന് പരമ്പരയിലുട നീളം കടുത്ത മത്സരമാണ് ഗുകേഷില്‍ നിന്ന് നേരിടേണ്ടി വന്നത്. 11-ാം ഗെയിമില്‍ ഗുകേഷ് 6-5ന് ലീഡ് നേടിയ ശേഷം, 12-ാം ഗെയിമിലെ വിജയത്തോടെ ഡിംഗ് തിരിച്ചടിച്ചു. പക്ഷേ അവസാനം ചരിത്രം ഗുകേഷിനൊപ്പം നിന്നു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ എന്ന ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡ് ആണ്  ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഗുകേഷ് ഇതോടെ തകര്‍ത്തത്.