വസന്തം വരുന്നു; മാര്‍ച്ച് 25ന് വേം മൂണ്‍

വസന്തം വരുന്നു; മാര്‍ച്ച് 25ന് വേം മൂണ്‍

Photo Caption


ടൊറന്റോ: ശൈത്യകാലത്തിന്റെ അന്ത്യവും വസന്തത്തിന്റെ ആദ്യവും അറിയിച്ച് മാര്‍ച്ച് 25ന് ആകാശത്തില്‍ വേം മൂണ്‍ പ്രകാശിക്കും. മാര്‍ച്ചില്‍ ശീതകാലത്തിന്റെ അവസാന പൂര്‍ണ ചന്ദ്രനെയാണ് വേം മൂണ്‍ എന്നു വിശേഷിപ്പിക്കുന്നത്.

യു എസ് നേവല്‍ ഒബ്‌സര്‍വേറ്ററിയുടെ അഭിപ്രായത്തില്‍ ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം പ്രകാരം മാര്‍ച്ച് 25ന് പുലര്‍ച്ചെ മൂന്നു മണിക്ക് ചന്ദ്രന്‍ അതിന്റെ ഏറ്റവും മികച്ച പ്രകാശത്തിലെത്തും. 

ചന്ദ്രന്റെ ഉപരിതലം ഈ സമയത്ത് പൂര്‍ണ്ണമായും പ്രകാശിക്കും. 

പരമ്പരാഗതമായി വടക്കന്‍ അര്‍ധ ഗോളത്തിലുള്ളവര്‍ക്ക് വസന്തത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്നതാണ് മാര്‍ച്ചിലെ പൂര്‍ണ ചന്ദ്രന്റെ വരവ്. ശോഭയോടു കൂടിയ പൂര്‍ണ്ണചന്ദ്രന്‍ മൂന്നു ദിവസം വരെ രാത്രി ആകാശത്ത് പ്രകാശിക്കും. 

വസന്തത്തെ വരവേല്‍ക്കുന്നതിന് ശീതകാല ഒളിത്താവളങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വ്യത്യസ്ത ജീവികളെ പരാമര്‍ശിച്ചാണ് പതിനെട്ടാം നൂറ്റാണ്ടിലെ തദ്ദേശീയ അമേരിക്കന്‍ ഗോത്രങ്ങള്‍ മാര്‍ച്ചിലെ പൂര്‍ണ്ണചന്ദ്രനെ വേം മൂണ്‍ എന്നു വിളിച്ചത്. മാര്‍ച്ചില്‍ മണ്ണ് ചൂടാകാന്‍ തുടങ്ങുകയും മണ്ണിരകള്‍, വണ്ട് ലാര്‍വകള്‍, മണ്ണട്ടകള്‍ തുടങ്ങിയവ അവയുടെ ശീതകാല സുഷുപ്തിയില്‍ നിന്ന് പുറത്തുവരികയും ജീവന്റെ ലക്ഷണങ്ങള്‍ തിരികെ വരാന്‍ തുടങ്ങുകയും ചെയ്യുന്നതിനാലാണ് 'വേം മൂണ്‍' എന്ന പേരുണ്ടായത്.