എഐ മുന്നേറ്റത്തിലും ഒന്നാമന്‍ യുഎസ് തന്നെ; ചൈന നാലാം സ്ഥാനത്ത്; ഇന്ത്യ റാങ്കിങ്ങില്‍ ഏഴാമത്, ഉപയോഗത്തില്‍ ഒന്നാമത്

എഐ മുന്നേറ്റത്തിലും ഒന്നാമന്‍ യുഎസ് തന്നെ; ചൈന നാലാം സ്ഥാനത്ത്; ഇന്ത്യ റാങ്കിങ്ങില്‍ ഏഴാമത്, ഉപയോഗത്തില്‍ ഒന്നാമത്


വാഷിംഗ്ടണ്‍: ലോകത്ത് ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നത് എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ്. ഒരോ ദിവസവും എഐയില്‍ അതിശയകരമായ മുന്നേറ്റമാണ് ഉണ്ടാകുന്നത്. രാജ്യങ്ങളും എഐയ്ക്ക് പിന്നാലെ തന്നെ. എഐ മുന്നേറ്റങ്ങളിലും യുഎസ് തന്നെയാണ് ഒന്നാം സ്ഥാനത്ത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ടെക് മുന്നേറ്റങ്ങളില്‍ എന്നും മുന്‍പന്തിയിലുള്ള ചൈന നാലാം സ്ഥാനത്താണ്. ആഗോള എഐ നവീകരണത്തില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനമാണുള്ളത്. വൈകി തുടങ്ങിയെങ്കിലും എഐയില്‍ വന്‍ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ഇന്ത്യയുടെ എഐ മുന്നേറ്റം

ഇന്ത്യ ഇതോടകം 29 പ്രധാന എഐ മോഡലുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യ ഇതുവരെ എഐ അനുബന്ധ മേഖലകളില്‍ 7.25 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തികഴിഞ്ഞു. ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ വികസനത്തിന് നേരിട്ട് കരുത്തുപകര്‍ന്നതും ഈ വമ്പന്‍ നിക്ഷേപം തന്നെ. എന്നാല്‍ മറ്റു മുന്‍നിര രാജ്യങ്ങളുടെ നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ നിക്ഷേപം ചെറുതാണ്. പക്ഷെ വമ്പന്‍മാര്‍ കോടികള്‍ പൊടിക്കുന്ന കാര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ അതിലും മികച്ച രീതിയില്‍ നടപ്പാക്കിയ ചരിത്രമാണ് രാജ്യത്തിനുള്ളത്. എഐയിലും ഈ മാജിക് അധികം വൈകാതെ ഇന്ത്യയില്‍ നിന്ന്് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

എഐ റാങ്കിംഗും പോയിന്റുകള്‍

അഞ്ചു വ്യത്യസ്ത പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ എഐ റാങ്കിംഗ് ലിങ്കി നടത്തിയിരിക്കുന്നത്. എഐ പേറ്റന്റുകള്‍, എഐ മോഡലുകളുടെ എണ്ണം, എഐ നിക്ഷേപം, ദൈനംദിന ജോലികളില്‍ എഐ ഉപയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം, 10 ലക്ഷം ആളുകള്‍ക്ക് എഐ അനുബന്ധ ജോലികളുടെ എണ്ണം എന്നിവയാണ് ഈ 5 പോയിന്റുകള്‍. ഇവയുടെ സംയോജനമാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഇതു പ്രകാരമാണ് ഇന്ത്യയ്ക്ക് 7 ാം സ്ഥാനം ലഭിച്ചിരിക്കുന്നത്.

ലിസ്റ്റിലെ പ്രമുഖര്‍

ലിങ്കിയുടെ എഐ ലിസ്റ്റില്‍ 99 പോയിന്റുമായി യുഎസ് ഒന്നാം സ്ഥാനത്താണ്. 66 സ്‌കോറുമായി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വളരെ വലുതാണ്. 54 പോയിന്റുമായി ദക്ഷിണ കൊറിയ മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള ചൈനയ്ക്ക് 52 പോയിന്റാണുള്ളത്. 32 സ്‌കോറുമായി സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്തും, 29 സ്‌കോറുമായി കാനഡ ആറാം സ്ഥാനത്തുമാണ്. ഇന്ത്യ (24), ബ്രിട്ടണ്‍ (16), ഓസ്‌ട്രേലിയ (13) എന്നിവരാണ് ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. ഇറ്റലിയാണ് (12) പത്താം സ്ഥാനത്തുള്ളത്.

ഇന്ത്യയിലെ 92% ജീവനക്കാരും എഐ ഉപയോഗിക്കുന്നു

റാങ്കിംഗില്‍ ഇന്ത്യയുടെ സ്‌കോറും, റാങ്കിംഗ് പിന്നില്‍ ആയിരിക്കാം. എന്നാല്‍ ്എഐ ഏറ്റെടുപ്പില്‍ ഇന്ത്യന്‍ ജനത വളരെ ആവേശത്തിലയാണ്. കാരണം റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 92% ജീവനക്കാരും ഇതോടകം എഐ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തിലെ മറ്റ് പ്രധാന എഐ അധിഷ്ഠിത സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കണക്ക് വളരെ ഉയര്‍ന്നതാണ്. ഇന്ത്യന്‍ ജനത പുതിയ സാങ്കേതികവിദ്യ വേഗത്തില്‍ സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണിത്.