വാരാണസി: പ്രാദേശിക കറൻസികളിൽ ഉഭയകക്ഷി വ്യാപാരം നടത്താനുള്ള നടപടി സ്വീകരിക്കാൻ ഇന്ത്യയും മൊറീഷ്യസും തീരുമാനിച്ചു. മൊറീഷ്യസ് പ്രധാനമന്ത്രി നവിചന്ദ്ര രാംഗൂലവുമായുള്ള കൂടിക്കാഴ്ചക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് രാജ്യങ്ങളാണെങ്കിലും ഇന്ത്യയുടെയും മൊറീഷ്യസിന്റെയും സ്വപ്‌നങ്ങൾ ഒന്നാണെന്ന് മോഡി പറഞ്ഞു. സ്വതന്ത്രവും സുരക്ഷിതവും സുസ്ഥിരവുമായ ഇന്ത്യൻ മഹാസമുദ്രം ഇരു രാജ്യങ്ങളുടെയും മുൻഗണനയാണ്. മൊറീഷ്യസിന്റെ പ്രത്യേക സാമ്പത്തിക മേഖല ശക്തിപ്പെടുത്താനും സുരക്ഷിതമാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡീഗോ ഗാർസിയ ഉൾപ്പെടെ ഷാഗോസ് ദ്വീപ് മൊറീഷ്യസിന് ലഭിച്ച ഷാഗോസ് കരാർ യാഥാർഥ്യമായതിൽ മൊറീഷ്യസ് പ്രധാനമന്ത്രിയെയും ജനങ്ങളെയും മോഡി അഭിനന്ദിച്ചു. കഴിഞ്ഞ മേയിലാണ് ബ്രിട്ടൻ ഷാഗോസ് ദ്വീപ് മൊറീഷ്യസിന് വിട്ടുകൊടുത്തത്.
ചൊവ്വാഴ്ച എത്തിയ നവിചന്ദ്ര രാംഗൂലം 16 വരെ ഇന്ത്യയിലുണ്ടാകും. അയോധ്യ, തിരുപ്പതി എന്നിവിടങ്ങളിലും സന്ദർശനം നടത്തും.
ഉഭയകക്ഷി വ്യാപാരം പ്രാദേശിക കറൻസികളിൽ നടത്താൻ തീരുമാനിച്ച് ഇന്ത്യയും മൊറീഷ്യസും
