ഇന്ത്യയില്‍ നിന്നുള്ള 102 കമ്പനികളെ കൂടി സമുദ്രോല്‍പന്ന കയറ്റുമതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍

ഇന്ത്യയില്‍ നിന്നുള്ള 102 കമ്പനികളെ കൂടി സമുദ്രോല്‍പന്ന കയറ്റുമതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍


ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100% തീരുവ ചുമത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഹ്വാനത്തിനിടെ, ഇന്ത്യയ്ക്ക് യൂറോപ്പില്‍ നിന്നൊരു 'ശുഭ വാര്‍ത്ത'.

ഇന്ത്യയില്‍ നിന്നുള്ള 102 കമ്പനികളെ കൂടി സമുദ്രോല്‍പന്ന കയറ്റുമതിയുടെ പട്ടികയില്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടുത്തി. ഇതോടെ, യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള ആകെ കമ്പനികളുടെ എണ്ണം 604 ആയി. 202324ല്‍ 110 കോടി ഡോളറിന്റെ സമുദ്രോല്‍പന്ന കയറ്റുമതിയാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനിലേക്ക് നടത്തിയത്.

കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പെടെ സംബന്ധിച്ച്, കഴിഞ്ഞ ദിവസങ്ങളിലായി യൂറോപ്യന്‍ യൂണിയന്‍ അധികൃതരുമായി നിരവധി യോഗങ്ങള്‍ ന്യൂഡല്‍ഹിയില്‍ നടന്നിരുന്നു. കൂടുതല്‍ കമ്പനികള്‍ക്ക് കയറ്റുമതി അനുമതി ലഭിച്ചത് തൊഴിലവസരങ്ങളും വിദഗേശനാണയ വരുമാനവും ഉയര്‍ത്താന്‍ സഹായിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.
ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോല്‍പന്ന കയറ്റുമതിയില്‍ കേരളത്തിനും നിര്‍ണായക സ്ഥാനമുണ്ടെന്നിരിക്കേ, യൂറോപ്യന്‍ യൂണിയനില്‍ കൂടുതല്‍ വിപണി കിട്ടുന്നത് കേരളത്തിലും വലിയ നേട്ടമാകും.
യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ സാധ്യമാക്കാനുള്ള ഒരുക്കത്തിലുമാണ് ഇന്ത്യ. 202425ലെ കണക്കുപ്രകാരം 136.5 ബില്യന്‍ ഡോളറിന്റെ വ്യാപാരവുമായി, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യൂറോപ്യന്‍ യൂണിയന്‍.
ഇതില്‍ 75.9 ബില്യന്‍ ഡോളറും ഇന്ത്യയുടെ കയറ്റുമതിയാണ്. 60.7 ബില്യന്‍ ഡോളര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇറക്കുമതിയും.