ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അടുത്തയാഴ്ച പുന:രാരംഭിക്കും

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അടുത്തയാഴ്ച പുന:രാരംഭിക്കും


ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അടുത്തയാഴ്ച പുന:രാരംഭിക്കും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ സൗഹൃദ സന്ദേശങ്ങള്‍ കൈമാറിയതിനെ തുടര്‍ന്നാണ് പുരോഗതി.

ചീഫ് ട്രേഡ് നെഗോഷ്യേറ്റര്‍ രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം അടുത്തയാഴ്ച യുഎസ് സന്ദര്‍ശിച്ചേയ്ക്കുമെന്നും വാഷിങ്ടണായിരിക്കും  ചര്‍ച്ചയ്ക്ക് വേദിയാകുകയെന്നും റിപ്പോര്‍ട്ട് പറഞ്ഞു. പ്രധാനമന്ത്രി മോദി യുഎസുമായുള്ള പങ്കാളിത്തത്തെ വിലമതിക്കുന്നുവെന്നും പ്രസിഡന്റ് ട്രംപുമായി എപ്പോഴും നല്ല വ്യക്തിപരമായ ബന്ധം നിലനിര്‍ത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം പുന:സ്ഥാപിക്കുന്നതിനുള്ള ചുവടുവെപ്പായിരിക്കും ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇന്ത്യയ്‌ക്കെതിരായ നിലപാടില്‍ ട്രംപ് അയവ് വരുത്തിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ പ്രസിഡന്റ്, ചര്‍ച്ചകള്‍ തുടരാനുള്ള സന്നദ്ധതയറിയിച്ചു.  ട്രംപിന്റെ പുതിയ പരാമര്‍ശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോഡി ഊഷ്മളമായാണ് പ്രതികരിച്ചത്.

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം പുരോഗമനമാത്മകവും സമഗ്രവുമാണെന്ന് പറഞ്ഞ അദ്ദേഹം ട്രംപിന്റെ വിലയിരുത്തലിനെ സ്വാഗതം ചെയ്തു. യുഎസ് പ്രസിഡന്റുമായി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഇരട്ടിയാക്കാനും റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 ശതമാനം അധിക തീരുവ ചുമത്താനുമുള്ള ട്രംപിന്റെ തീരുമാനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. തുടര്‍ന്ന് വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കപ്പെട്ടു.

അതേസമയം റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനെ ഇന്ത്യ ന്യായീകരിക്കുകയാണ്. ഇത് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില സന്തുലിതമാക്കുന്നുണ്ടെന്നാണ് രാജ്യത്തിന്റെ വാദം.