സൈനിക അട്ടിമറി ഗൂഢാലോചന കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് 27 വര്‍ഷം തടവ് ശിക്ഷ

സൈനിക അട്ടിമറി ഗൂഢാലോചന കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് 27 വര്‍ഷം തടവ് ശിക്ഷ


ബ്രസീലിയ: 2022 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം അധികാരത്തില്‍ തുടരാന്‍ സൈനിക അട്ടിമറിക്ക് ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് 27 വര്‍ഷവും മൂന്നുമാസവും തടവ് ശിക്ഷ.  ബ്രസീലിയന്‍ സുപ്രീം കോടതിയാണ് കേസില്‍ ബോള്‍സോനാരോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജനാധിപത്യത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബോള്‍സോനാരോ പ്രവര്‍ത്തിച്ചു എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് ജസ്റ്റിസ് കാര്‍മെന്‍ ലൂസിയ പറഞ്ഞു. നിലവില്‍ വീട്ടുതടങ്കലിലാണ് ബോള്‍സോനാരോ.

നേരത്തെ സുപ്രീം കോടതിയുടെ ഉത്തരവിലായിരുന്നു വീട്ടുതടങ്കലിലാക്കിയത്. സോഷ്യല്‍ മീഡിയ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. 2022ലെ തെരഞ്ഞെടുപ്പില്‍ ലുല ഡ സില്‍വയോട് ശേഷം അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലായിരുന്നു വീട്ടുതടങ്കല്‍. ലുലയുടെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും, ക്രിമിനല്‍ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങളാണ് ബോള്‍സോനാരോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരില്‍ മൂന്ന് പേര്‍ ബോള്‍സോനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ബ്രസീല്‍ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. ഇതോടെ, ജനാധിപത്യത്തെ ആക്രമിച്ചതിന് ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ മുന്‍ പ്രസിഡന്റായി 70 കാരനായ ബോള്‍സൊനാരോ മാറി. ഈ ക്രിമിനല്‍ കേസ് ബ്രസീലിന്റെ ഭൂതകാലവും, ഇപ്പോഴത്തെ അവസ്ഥയും, ഭാവിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച പോലെയാണെന്നാണ് വിധി പ്രസ്താവിച്ച് കൊണ്ട് ജസ്റ്റിസ് കാര്‍മെന്‍ ലൂസിയ പറഞ്ഞത്. നിലവില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ബോള്‍സൊനാരോ ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് തെളിയിക്കാന്‍ ധാരാളം തെളിവുകളുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വിധിക്ക് പിന്നിലെ കാരണങ്ങളും ജസ്റ്റിസുമാര്‍ വ്യക്തമാക്കി. സായുധ ക്രിമിനല്‍ സംഘടനയില്‍ പങ്കെടുത്തു, ജനാധിപത്യത്തെ അക്രമത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചു, ഒരു അട്ടിമറിക്ക് നേതൃത്വം നല്‍കി, സര്‍ക്കാര്‍ സ്വത്തുക്കള്‍ക്കും സംരക്ഷിത സാംസ്‌കാരിക വസ്തുക്കള്‍ക്കും കേടുപാടുകള്‍ വരുത്തി, തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയാണ് അഞ്ച് ജഡ്ജിമാരില്‍ നാല് പേരും ബോള്‍സൊനാരോയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

അതേസമയം, വിധിയോട് ട്രംപ് ഭരണകൂടം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഈ കേസിനെ ഒരു 'വേട്ടയാടല്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇതിന്റെ പ്രതികാരമെന്നോണം ബ്രസീലിനെതിരെ താരിഫ് വര്‍ദ്ധനവും, വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ഉപരോധങ്ങളും, സുപ്രീം കോടതി ജഡ്ജിമാരുടെ വിസ റദ്ദാക്കലും ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു. അന്യായമായ വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നായിരുന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എക്‌സില്‍ കുറിച്ചത്.

ഫ്രാന്‍സിന്റെ മറീന്‍ ലെ പെന്‍, ഫിലിപ്പൈന്‍സിന്റെ റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെ എന്നിവരുള്‍പ്പെടെ ഈ വര്‍ഷം മറ്റു ചില വലതുപക്ഷ നേതാക്കള്‍ക്ക് ശിക്ഷ ലഭിച്ചിരുന്നു.