ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും


ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. 

തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി പി രാധാകൃഷ്ണന്‍. മഹാരാഷ്ട്ര ഗവര്‍ണറായിരിക്കെയാണ് രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ വിജയിച്ചത്. പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെയാണ് രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1957 ഒക്ടോബര്‍ 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ജനിച്ച ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണന്‍ ആര്‍എസ്എസ് അംഗമായാണ് പൊതുജീവിതം ആരംഭിച്ചത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വി ഒ ചിദംബരം കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ (BBA) ബിരുദം നേടി. 1998ലും 1999ലും കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.