തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി ഇമിഗ്രേഷന്‍ ക്ലിയറന്‍സ് 30 സെക്കന്‍ഡിനുള്ളില്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി ഇമിഗ്രേഷന്‍ ക്ലിയറന്‍സ് 30 സെക്കന്‍ഡിനുള്ളില്‍


നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത്ഷാ ഉദ്ഘാടനം ചെയ്തു; കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ ഇ ?ഗേറ്റ്‌സ് സൗകര്യം ലഭ്യം

തിരുവനന്തപുരം:  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷന്‍ നടപ്പിലാക്കുന്ന 'ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍  ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം അന്താരാഷ്ട്ര  വിമാനത്താവളത്തിലും സജ്ജമായി. നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. പദ്ധതി യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്താനുള്ള അവസരവും നല്‍കുന്നുവെന്ന് അമിത് ഷാ ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു. പരമാവധി ആളുകള്‍ക്ക് ഈ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ സാങ്കേതിക സാധ്യതകളും പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ നേട്ടം കൈവരിക്കുന്നതിനായി, പാസ്‌പോര്‍ട്ടുകളും OCI കാര്‍ഡുകളും നല്‍കുന്ന സമയത്തു തന്നെ രജിസ്‌ട്രേഷന്‍ സാധ്യമാക്കാന്‍ ശ്രമിക്കണമെന്നും  അദ്ദേഹം വ്യക്തമാക്കി.  ഇനി ഇമിഗ്രേഷന്‍ ക്ലിയറന്‍സ് 30 സെക്കന്‍ഡിനുള്ളില്‍ സാധ്യമാകും. 

തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട്, ലഖ്‌നൗ, തിരുച്ചി, അമൃത്സര്‍ എന്നിവിടങ്ങളിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍  ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമിന് കേന്ദ്ര മന്ത്രി തുടക്കം കുറിച്ചു.  ഇഗേറ്റ്‌സ് സൗകര്യം കൊച്ചി, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിലും ഇതിനകം ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ അരവിന്ദ് മേനോന്‍ ഐപിഎസ്, ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ്, തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ഭട്‌കോട്ടി എന്നിവര്‍ സംസാരിച്ചു. ഐജി ശ്യാം സുന്ദര്‍ ഐപിഎസ്, ഡിഐജി നിശാന്തിനി ഐപിഎസ് എന്നിവരും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

https://ftittp.mha.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് FTI-TTP നടപ്പിലാക്കിയിരിക്കുന്നത്. ഈ പ്രോഗ്രാമില്‍ ചേരുന്നതിന്, അപേക്ഷകര്‍ അവരുടെ വിശദാംശങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്തുകൊണ്ട് പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്‌സ് ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലോ (FRRO) അല്ലെങ്കില്‍ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും. രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ എയര്‍ലൈന്‍ നല്‍കുന്ന ബോര്‍ഡിംഗ് പാസ് ഇഗേറ്റില്‍ സ്‌കാന്‍ ചെയ്യേണ്ടതുണ്ട്; ഒപ്പം പാസ്‌പോര്‍ട്ടും സ്‌കാന്‍ ചെയ്യണം. ആഗമനം, പുറപ്പെടല്‍ പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇഗേറ്റുകളില്‍ യാത്രക്കാരന്റെ ബയോമെട്രിക്‌സ് പരിശോധിക്കും. പരിശോധന വിജയകരമായ ശേഷം, ഇഗേറ്റ് യാന്ത്രികമായി തുറക്കുകയും എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കപ്പെടുകയും ചെയ്യുന്നു.