ചരിത്രം രചിച്ച് ജയ ബാഡിഗ; യുഎസില്‍ ജഡ്ജിയായ ആദ്യ തെലുങ്ക് വനിത

ചരിത്രം രചിച്ച് ജയ ബാഡിഗ; യുഎസില്‍ ജഡ്ജിയായ ആദ്യ തെലുങ്ക് വനിത


കാലിഫോര്‍ണിയ : യുഎസ് നീതിന്യായ രംഗത്ത് പുതുചരിത്രം രചിച്ച് ഇന്ത്യക്കാരി. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ജനിച്ച ജയ ബാഡിഗ യുഎസില്‍ ജഡ്ജിയായി നിയമിതയായി. യുഎസില്‍ ജഡ്ജിയായ ആദ്യ തെലുങ്ക് വനിതയായാണ് അവര്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്.

കാലിഫോര്‍ണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പീരിയര്‍ കോടതിയിലാണ് ജയ ബാഡിഗ ജഡ്ജിയായി നിയമിതയായത്. മുമ്പ്, സാക്രമെന്റോ കൗണ്ടി സുപ്പീരിയര്‍ കോടതിയുടെ കമ്മീഷണറായി ബാഡിഗ സേവനമനുഷ്ഠിച്ചിരുന്നു. ബാഡിഗയുടെ നിയമനം യുഎസിലെ തെലുങ്ക്, ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ ആഘെഷിക്കുകയാണ്. ജയ ഒരു സര്‍ട്ടിഫൈഡ് ഫാമിലി ലോ സ്പെഷ്യലിസ്റ്റായിരുന്നു. വ്യവസായ പ്രമുഖനും മച്ചിലിപട്ടണം മുന്‍ ലോക്‌സഭാ എംപിയുമായ ബഡിഗ രാമകൃഷ്ണയുടെ മകളാണ്.

2009ല്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് ബാര്‍ പരീക്ഷ പാസായതിന് ശേഷമാണ് ജയയുടെ നിയമ ജീവിതം ആരംഭിച്ചത്. കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് കെയര്‍ സര്‍വീസസിലും കാലിഫോര്‍ണിയ ഗവര്‍ണറുടെ ഓഫീസ് ഓഫ് എമര്‍ജന്‍സി സര്‍വീസസിലും അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.