കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 'ബാപ്‌സ്' ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. കാലിഫോര്‍ണിയയിലെ കിനോ ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ലോസാഞ്ചല്‍സില്‍ 'ഖലിസ്താന്‍ റഫറണ്ടം' നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു സംഭവം.
വിദ്വേഷത്തിനെതിരെ ഹിന്ദു സമൂഹം ഉറച്ചുനില്‍ക്കുന്നുവെന്ന് യു.എസിലെ ബാപ്‌സ് പബ്ലിക് അഫയേഴ്‌സ് വിഭാഗം ഔദ്യോഗിക എക്‌സില്‍ പേജിലൂടെ വ്യക്തമാക്കി. കിനോ ഹില്‍സിലെയും സതേണ്‍ കാലിഫോര്‍ണിയയിലെയും സമൂഹത്തോടൊപ്പം നില്‍ക്കുന്നു. വിദ്വേഷം വേരൂന്നാന്‍ ഒരിക്കലും അനുവദിക്കില്ല. നമ്മുടെ മാനവികതയും വിശ്വാസവും സമാധാനവും അനുകമ്പയും നിലനില്‍ക്കുമെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആക്രമണത്തെ കോയലേഷന്‍ ഓഫ് ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയും അപലപിച്ചു. ഹിന്ദു വിദ്വേഷവും ഹിന്ദുഫോബിയയും ഭാവനയിലെ ഒരു നിര്‍മിതിയാണെന്ന് മാധ്യമങ്ങളും അക്കാദമിക് വിദഗ്ധരും വാദിക്കുന്ന ഒരു ദിവസത്തിലൂടെയാണ് കടന്നു പോകുന്നത്. 'ഖലിസ്താന്‍ റഫറണ്ടം' നടക്കാന്‍ പോകുമ്പോള്‍ ഇത്തരം സംഭവം ഉണ്ടാകുന്നതില്‍ അതിശയിക്കാനില്ലെന്നും കോയലേഷന്‍ ചൂണ്ടിക്കാട്ടി.
ക്ഷേത്രങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് 2022 മുതലുള്ള കേസുകളുടെ പട്ടിക പുറത്തുവിട്ട കോയലേഷന്‍, ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. വടക്കേ അമേരിക്കയില്‍ ഹിന്ദുമതത്തെ കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും ഹിന്ദു സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നതിനുമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘടനയാണ് കോയലേഷന്‍ ഓഫ് ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക.
സെപ്തംബര്‍ 25ന് കാലിഫോര്‍ണിയിലെ സാക്രമെന്റോയിലെ 'ബാപ്‌സ്' ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. ക്ഷേത്രത്തിന്റെ അങ്കണത്തില്‍ 'ഹിന്ദുക്കള്‍ മടങ്ങിപ്പോവുക' എന്ന വിദ്വേഷ വാക്കുകള്‍ അക്രമികള്‍ ചുവരെഴുതുകയും ചെയ്തു. സെപ്തംബര്‍ 17ന് ന്യൂയോര്‍ക്കിലെ മെല്‍വില്ലിലുള്ള ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിറിലും സമാന ചുവരെഴുത്ത് നടത്തിയിരുന്നു.
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാപ്‌സിന് അമേരിക്കയില്‍ നൂറിലധികം ക്ഷേത്രങ്ങളും കേന്ദ്രങ്ങളുമുണ്ട്. 2023ല്‍ ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ അക്ഷര്‍ധാം ക്ഷേത്രം ന്യൂജേഴ്‌സിയില്‍ തുറന്നിരുന്നു.