വാഷിംഗ്ടണ്‍: ക്രിമിനല്‍ കുറ്റങ്ങളില്‍നിന്ന് പ്രസിഡന്റിന് സംരക്ഷണം നല്‍കുന്ന വ്യവസ്ഥ എടുത്തുകളയണമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബൈഡന്‍. അമേരിക്കയില്‍ ശക്തിപ്രാപിക്കുന്ന അതിസമ്പന്ന പ്രഭുവര്‍ഗം രാജ്യത്തിന്റെ ജനാധിപത്യത്തിനുതന്നെ ഭീഷണിയാകുമെന്നും രാജ്യത്തോടുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ ബൈഡന്‍ ആശങ്ക പങ്കുവെച്ചു.
2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമത്തെ തുടര്‍ന്നുള്ള കേസിലെ യു.എസ് സുപ്രീംകോടതി വിധിയില്‍, അധികാരത്തിലുള്ള സമയത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗിക നടപടികളില്‍ അവരെ വിചാരണ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ കക്ഷിയിലെ നിലവിലെ വൈസ് പ്രസിഡന്റുകൂടിയായ കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് അധികാരത്തിലേക്ക് വീണ്ടും വരുന്നത്. ജനുവരി 20നാണ് ബൈഡന്‍ ട്രംപിന് അധികാരം കൈമാറുക.
ചില അപകടങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കാനുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ബൈഡന്‍ പുതിയ കാലത്തെ പ്രഭുവാഴ്ചയിലേക്കുള്ള രാജ്യത്തിന്റെ പോക്കിനെ ഓര്‍മിപ്പിച്ചത്. ചില അതിസമ്പന്നരില്‍ മാത്രം അധികാരം കേന്ദ്രീകരിക്കുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ബാധിക്കും. ഇലോണ്‍ മസ്‌കിനെപ്പോലുള്ള ശതകോടീശ്വരന്‍മാര്‍ നേരിട്ട് യു.എസ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രസംഗം. ട്രംപിന്റെ രണ്ടാം വരവില്‍ മസ്‌കിന് കാര്യമായ സ്വാധീനമുണ്ടാകും എന്നാണ് പൊതു വിലയിരുത്തല്‍. 1961ലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അന്നത്തെ പ്രസിഡന്റ് ഐസനോവര്‍ സൈനിക വ്യവസായ സംഘങ്ങളുടെ വളര്‍ച്ചയില്‍ ആശങ്കയറിയിച്ചതിനു സമാനമായി ബൈഡന്‍ തന്റെ പ്രസംഗത്തില്‍ സാങ്കേതിക വ്യവസായ ഗ്രൂപ്പുകളുടെ അനിയന്ത്രിത കുതിച്ചുകയറ്റത്തില്‍ ആശങ്ക രേഖപ്പെടുത്തി.
അമേരിക്കക്കാര്‍ തെറ്റായ വിവരങ്ങളുടെ ഹിമപാതത്തില്‍ പെട്ടുപോവുകയാണ്. ഇത് അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമാണ്. ഫേസ്ബുക്കിലുള്‍പ്പെടെ 'മെറ്റ' വസ്തുത പരിശോധന നിര്‍ത്തുമെന്ന കമ്പനി ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രസ്താവന അദ്ദേഹം ഓര്‍മിപ്പിച്ചു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇല്ലാതാകുന്നു. എഡിറ്റര്‍മാര്‍തന്നെ നാമാവശേഷമാകുന്നു. വസ്തുതാന്വേഷണം സമൂഹ മാധ്യമങ്ങള്‍ നിര്‍ത്തുന്നു. അധികാരത്തിനും ലാഭത്തിനും വേണ്ടിയുള്ള കള്ളത്തരങ്ങള്‍ സത്യത്തെ ശ്വാസംമുട്ടിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനും അധികാര ദുര്‍വിനിയോഗം തടയാനും സമൂഹ മാധ്യമങ്ങളില്‍ ഒരു പിടിവേണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ, സ്വാതന്ത്ര്യത്തിന്റെ ദേശമെന്ന നിലയില്‍ അമേരിക്കയാണ് നയിക്കേണ്ടതെന്നും ചൈനയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിമിനല്‍ കുറ്റങ്ങളില്‍നിന്ന് പ്രസിഡന്റിന് സംരക്ഷണം നല്‍കുന്ന വ്യവസ്ഥ എടുത്തുകളയണം; വിടവാങ്ങല്‍ പ്രസംഗത്തില്‍ ബൈഡന്‍