ബ്രൗണ്‍ സര്‍വകലാശാല വെടിവെപ്പ്: 800 ക്യാമറകളുണ്ടായിട്ടും പൊലീസിന് കിട്ടിയത് ഒരൊറ്റ ദൃശ്യം മാത്രം

ബ്രൗണ്‍ സര്‍വകലാശാല വെടിവെപ്പ്: 800 ക്യാമറകളുണ്ടായിട്ടും പൊലീസിന് കിട്ടിയത് ഒരൊറ്റ ദൃശ്യം മാത്രം


റോഡ് ഐലന്‍ഡ്(യുഎസ്എ): അമേരിക്കയിലെ ഐവി ലീഗ് വിദ്യാഭ്യാസ സ്ഥാപനമായ ബ്രൗണ്‍ സര്‍വകലാശാലയില്‍ ശനിയാഴ്ച (ഡിസം. 13) നടന്ന വെടിവെപ്പിന് പിന്നാലെ, സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്ന സംശയമുള്ള ഒരാളുടെ ഒരൊറ്റ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസ് പുറത്തുവിട്ടത്. ക്ലാസ് മുറിക്കുള്ളില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2021ലെ കണക്കുകള്‍ പ്രകാരം ക്യാംപസില്‍ 800ലധികം സര്‍വെയിലന്‍സ് ക്യാമറകളുണ്ടായിരിക്കെ, എന്തുകൊണ്ടാണ് ഒരൊറ്റ ദൃശ്യം മാത്രം ലഭിച്ചതെന്ന ചോദ്യം ശക്തമാവുകയാണ്.

വെടിവെപ്പ് നടന്നിട്ട് പത്ത് മണിക്കൂറിലധികം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. സംഭവത്തിന്റെ സ്വഭാവം, പ്രതിയുടെ തിരിച്ചറിയല്‍, ആക്രമണത്തിന്റെ ലക്ഷ്യം എന്നിവയെക്കുറിച്ചും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്താനായിട്ടില്ല. ഇതോടെ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്.

പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ ഏജന്‍സികളില്‍ നിന്നായി എഫ്ബിഐ ഉള്‍പ്പെടെ 400ലധികം ഉദ്യോഗസ്ഥരെ, , തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. പ്രതിയില്‍ നിന്ന് നിലവില്‍ 'തുടര്‍ച്ചയായ പ്രത്യേക ഭീഷണി' ഇല്ലെന്ന വിലയിരുത്തലുണ്ടെങ്കിലും, പ്രതി ഇപ്പോഴും പിടിയിലാകാത്ത സാഹചര്യത്തില്‍ പ്രദേശവാസികളോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പുറത്തുവിട്ട ദൃശ്യത്തില്‍, കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ കെട്ടിടത്തില്‍ നിന്ന് ശാന്തനായി അകലുന്നതാണ് കാണുന്നത്. മുഖം വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ദൃശ്യത്തിന്റെ മറ്റൊരു പ്രത്യേകത.

ബ്രൗണ്‍ സര്‍വകലാശാലയിലെ വ്യാപകമായ നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ച് 2021ല്‍ 'ബ്രൗണ്‍ ഡെയിലി ഹെറാള്‍ഡ്' പത്രത്തില്‍ എഴുതിയ പി.എച്ച്.ഡി വിദ്യാര്‍ത്ഥി ജോണ്‍ റെന്‍, ക്യാംപസിലുടനീളം 816 ക്യാമറകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഓരോ ഒന്‍പത് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഒന്ന് എന്ന നിലയിലാണ് ക്യാമറകളെന്ന് അദ്ദേഹം വിലയിരുത്തിയിരുന്നു. 'ബ്രൗണ്‍ സര്‍വകലാശാലയിലേക്ക് കടക്കുകയോ അതിനടുത്തേക്ക് പോകുകയോ ചെയ്താല്‍ പോലും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാകാനാവില്ല ' എന്നായിരുന്നു റെന്‍-ന്റെ കണ്ടെത്തല്‍.

വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയെ ബാധിക്കുന്ന 'പരിമിതമല്ലാത്ത നിരീക്ഷണം' എന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ ലേഖനം, ഇന്ന് മറ്റൊരു ചോദ്യവും ഉയര്‍ത്തുന്നു - ഇത്രയും വ്യാപകമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും, എങ്ങനെ ഈ ദുരന്തം തടയാനായില്ല?