കുട്ടികളെ ഹോട്ടല്‍ മുറിയിലേക്ക് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തുള്‍സി ഗബ്ബാറിന്റെ സഹോദരനെതിരെ കേസ്

കുട്ടികളെ ഹോട്ടല്‍ മുറിയിലേക്ക് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തുള്‍സി ഗബ്ബാറിന്റെ സഹോദരനെതിരെ കേസ്


ഹോണലുലു: അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് മുന്‍ ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിന്റെ സഹോദരന്‍ ബടാര്‍ട്ടി ഗബ്ബാര്‍ഡിനെതിരെ കുട്ടികളെ ഹോട്ടല്‍ മുറിയിലേക്ക് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസെടുത്തു. ഹവായിയിലെ വൈകിക്കി പ്രദേശത്തെ ഒരു ഹോട്ടലില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ഹോണലുലു പൊലീസ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

ജൂലൈ 12-ന് ഹോട്ടലിലെ നീന്തല്‍ക്കുളത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ സംഘത്തെ സമീപിച്ച ബടാര്‍ട്ടി ഗബ്ബാര്‍ഡ്, ച്യൂയിങ് ഗമ്മും പണവും വാഗ്ദാനം ചെയ്ത് തന്റെ ഹോട്ടല്‍ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഒമ്പത് വയസ്സുള്ള ഒരു ബാലന്‍ ഉള്‍പ്പെടെയുള്ള കുട്ടികളോടാണ് ഇയാള്‍ സംസാരിച്ചതെന്നും അവരുടെ പേരുകള്‍ ഒരു നോട്ട്ബുക്കില്‍ കുറിച്ചുവെച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവം ശ്രദ്ധയില്‍പ്പെട്ട 42-കാരിയായ ഒരു സ്ത്രീ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജൂലൈ 17-ന് 'സ്‌ട്രേഞ്ചര്‍ ഡേഞ്ചര്‍' സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇതിനിടെ, മോഷണക്കേസില്‍ ജൂലൈ 16-ന് ബടാര്‍ട്ടി ഗബ്ബാര്‍ഡ് അറസ്റ്റിലായിരുന്നു. ആ കേസില്‍ കുറ്റം നിഷേധിച്ച ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.

55-കാരനായ ബടാര്‍ട്ടി ഗബ്ബാര്‍ഡ് ഭക്തി ഗബ്ബാര്‍ഡ് എന്ന പേരിലും അറിയപ്പെടുന്നു. ഹവായ് സംസ്ഥാന സെനറ്ററായ മൈക്ക് ഗബ്ബാര്‍ഡിന്റെ മകനും മുന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിന്റെ ജ്യേഷ്ഠ സഹോദരനുമാണ്.

ഭര്‍ത്താവിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ (മാനസികാരോഗ്യ പ്രശ്‌നം) ഉണ്ടെന്ന് ഭാര്യ കിംബര്‍ലി ഗബ്ബാര്‍ഡ് വെളിപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 11-ന് അലാ മൊവാന സെന്ററില്‍ ഇയാള്‍ അസാധാരണവും നിയന്ത്രണം നഷ്ടപ്പെട്ടതുമായ പെരുമാറ്റം കാട്ടിയതിനെ തുടര്‍ന്ന് ഭാര്യ കോടതിയില്‍ നിന്ന് സംരക്ഷണ ഉത്തരവും നേടിയിരുന്നു.

ഭക്തിക്ക് മുമ്പ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം നല്ല നിലയിലായിരുന്നു എന്ന് മാതാപിതാക്കളായ മൈക്ക് ഗബ്ബാര്‍ഡും ഭാര്യ കരോള്‍ ഗബ്ബാര്‍ഡും പ്രസ്താവനയില്‍ പറഞ്ഞു.

രക്തപരിശോധനയില്‍ കൊക്കെയ്ന്‍, മെത്താംഫെറ്റമിന്‍ (ഐസ്), കഞ്ചാവ് എന്നിവയുടെ സാന്നിധ്യം കണ്ടെത്താനിടയുണ്ടെന്ന് ബടാര്‍ട്ടി ഡോക്ടര്‍മാരോട് പറഞ്ഞതായി മാതാപിതാക്കള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് അദ്ദേഹത്തെ 72 മണിക്കൂര്‍ മാനസികാരോഗ്യ നിരീക്ഷണത്തിനും വിലയിരുത്തലിനുമായി ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട കേസ് ഓഗസ്റ്റ് 14-ന് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരും.