ഡല്‍ഹി- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഓംലെറ്റില്‍ പാറ്റ

ഡല്‍ഹി- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഓംലെറ്റില്‍ പാറ്റ


ന്യൂയോര്‍ക്ക്: ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന എയര്‍ ഇ്ന്ത്യ വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. ഓംലെറ്റിലാണ് പാറ്റയെ ലഭിച്ചതെന്ന് ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടു. കൂടുതല്‍ അന്വേഷണത്തിനായി വിഷയം കാറ്ററിംഗ് സേവന ദാതാവിനെ അറിയിച്ചിട്ടുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ഒരു യാത്രക്കാരന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതായി അറിയാമെന്നാണ് എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചത്. എയര്‍ ഇന്ത്യ, ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു എന്നിവരെയാണ് പോസ്റ്റില്‍ ടാഗ് ചെയ്തത്.

പ്രസ്തുത സംഭവത്തില്‍ ഉപഭോക്താവിന്റെ അനുഭവത്തെക്കുറിച്ച് എയര്‍ലൈന് ആശങ്കയുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കാറ്ററിംഗ് സേവന ദാതാവിനെ സമീപിച്ചിട്ടുണ്ടെന്നും വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് പറഞ്ഞു.

ആഗോളതലത്തില്‍ പ്രമുഖ എയര്‍ലൈനുകള്‍ക്ക് വിതരണം ചെയ്യുന്ന പ്രശസ്ത കാറ്ററര്‍മാരുമായി എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കര്‍ശനമായ എസ് ഒ പികളും ഒന്നിലധികം പരിശോധനകളും ഉണ്ടെന്നും വക്താവ് പറഞ്ഞു.