എ ഐയെ നശിപ്പിക്കലാണ് പുതുതലമുറയുടെ ദൗത്യമെന്ന് ഹാസ്യതാരം റോണി ചിയേങ്

എ ഐയെ നശിപ്പിക്കലാണ് പുതുതലമുറയുടെ ദൗത്യമെന്ന് ഹാസ്യതാരം റോണി ചിയേങ്


കേംബ്രിഡ്ജ്: 'നിങ്ങളുടെ തലമുറയുടെ ദൗത്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (എ ഐ) നശിപ്പിക്കലാണ്' എന്ന പരാമര്‍ശത്തിലൂടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികളുടെ വന്‍ കൈയടി നേടി അമേരിക്കന്‍ ഹാസ്യതാരവും ടെലിവിഷന്‍ അവതാരകനുമായ റോണി ചിയേങ്. 

ഹാര്‍വാര്‍ഡിന്റെ ക്ലാസ് ഡേ പരിപാടിയില്‍ സംസാരിക്കവെയാണ് ചിയേങ് എ ഐക്കെതിരെ പരിഹാസാത്മകമായ വിമര്‍ശനം ഉന്നയിച്ചത്. എ ഐയെ കുറിച്ച് ഒരു കാര്യം പറയട്ടെ, എ ഐയെ തള്ളിപ്പറയാം അല്ലേ? എന്ന് ചോദിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ആവേശത്തോടെ പ്രതികരിച്ചു. നിങ്ങള്‍ക്കും സമ്മതമാണെന്ന് കാണുന്നു. അത് വളരെ വിഡ്ഢിത്തമാണ്. നിങ്ങള്‍ അത് ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.

അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെ ബിരുദദാന ചടങ്ങുകളില്‍ എ ഐയുടെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ച ചില പ്രമുഖര്‍ അടുത്തിടെ വിദ്യാര്‍ഥികളുടെ വിമര്‍ശനവും പ്രതിഷേധവും നേരിട്ടിരുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖയായ ഗ്ലോറിയ കോള്‍ഫീല്‍ഡ് എ ഐയെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ചിയേങ് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചത്. അമേരിക്കയിലെ മറ്റു ബിരുദദാന ചടങ്ങുകളില്‍ പല പ്രഭാഷകരും ഭാവിക്കായി എ ഐ കൈകാര്യം ചെയ്യാന്‍ പഠിക്കണമെന്ന് നിങ്ങളോട് പറയുകയാണെങ്ില്‍ താന്‍ പറയുന്നത് എ ഐയെ ഇല്ലാതാക്കണമെന്നാണ് എന്നദ്ദേഹം പറഞ്ഞു.

സാധാരണ നിലവാരത്തിലുള്ള ആളുകളെ കൂടുതല്‍ മണ്ടന്മാരാക്കുമെന്ന് പറഞ്ഞ ചിയേങ് എ ഐ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ചിലര്‍ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ടോ എന്നും ചോദിച്ചു. 

ഇ-മെയിലുകള്‍ വായിക്കാനും സംഗ്രഹിക്കാനും മറുപടി തയ്യാറാക്കാനുമൊക്കെ ആളുകള്‍ എ ഐയെ ആശ്രയിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. സൃഷ്ടിക്കുന്നതാണ് യഥാര്‍ഥ രസമെന്നും ഒരു ലക്ഷ്യത്തിലെത്തുക മാത്രമല്ല, ആ യാത്ര തന്നെയാണ് പ്രധാനപ്പെട്ടതെന്നും കഴിവുകള്‍ നേടുന്നതും അനുഭവങ്ങള്‍ സമ്പാദിക്കുന്നതും ആ യാത്രയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ യഥാര്‍ഥ വെല്ലുവിളികളും അനുഭവങ്ങളും നേരിട്ട് അഭിമുഖീകരിക്കാതെ എ ഐയെ അമിതമായി ആശ്രയിക്കുന്നത് യുവതലമുറയുടെ പഠനത്തെയും വ്യക്തിത്വ വികസനത്തെയും ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

നിരവധി കമ്പനികള്‍ എ ഐ കേന്ദ്രീകൃത സ്ഥാപനങ്ങളായി മാറുന്നതിനായി വലിയ തോതില്‍ തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യത്തില്‍ ബിരുദം നേടി തൊഴില്‍ രംഗത്തേക്ക് പ്രവേശിക്കുന്ന യുവാക്കള്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങള്‍ എല്ലാ വകുപ്പുകളിലും എ ഐ ഏജന്റുമാരെ ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചതും ഈ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

എ ഐയെക്കുറിച്ചുള്ള ചിയേങിന്റെ പരാമര്‍ശങ്ങള്‍ ഗൗരവമേറിയ നയപരമായ പ്രസ്താവനയേക്കാള്‍ ഹാസ്യവും പരിഹാസവും കലര്‍ന്നതായിരുന്നുവെങ്കിലും സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയെക്കുറിച്ചും തൊഴില്‍ മേഖലയിലെ ഭാവിയെക്കുറിച്ചും യുവതലമുറയ്ക്കുള്ള ആശങ്കകള്‍ക്ക് അത് വേദിയൊരുക്കി.