വൈറ്റ് ഹൗസിന് സമീപം പുൽത്തകിടിയിൽ '86 47' അടയാളം ; അന്വേഷണം തുടങ്ങി അമേരിക്കൻ അധികൃതർ

വൈറ്റ് ഹൗസിന് സമീപം പുൽത്തകിടിയിൽ '86 47' അടയാളം ; അന്വേഷണം തുടങ്ങി അമേരിക്കൻ അധികൃതർ


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിപാടി നടക്കാനിരുന്ന ദേശീയ മാളിന് സമീപത്തെ പുൽത്തകിടിയിൽ വലിപ്പത്തിൽ '86 47' എന്ന അക്കങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവം വിവാദമായി. സംഭവത്തിൽ അമേരിക്കൻ പാർക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു.

വാഷിങ്ടണിലെ നാഷണൽ മാളിലെ പുൽത്തകിടിയിലാണ് അക്കങ്ങൾ തവിട്ടുനിറത്തിൽ തെളിഞ്ഞുകാണപ്പെട്ടത്. പുല്ലിന്റെ നിറം മാറാൻ കാരണമായത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പരിശോധനയ്ക്കായി പുല്ലിന്റെ സാമ്പിളുകൾ ശേഖരിച്ചതായി അധികൃതർ അറിയിച്ചു.

കടൽച്ചിപ്പികൾ ഉപയോഗിച്ച് '86 47' എന്ന സന്ദേശം ക്രമീകരിച്ച ചിത്രം മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചതിനെ തുടർന്ന് നേരത്തെ വലിയ രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. ട്രംപിനെതിരായ ഭീഷണിസന്ദേശമാണിതെന്ന് ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് കോമി വ്യക്തമാക്കിയിരുന്നത്.

സംഭവത്തെ 'നാഷണൽ മാളിലെ നാശനഷ്ടം' എന്നാണ് അമേരിക്കൻ ആഭ്യന്തര വകുപ്പ് വിശേഷിപ്പിച്ചത്. പ്രസിഡന്റിനെതിരായ ഏത് ഭീഷണിയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.

സംഭവസ്ഥലം ദേശീയോദ്യാന സേവന വിഭാഗം സുരക്ഷാ വേലികെട്ടി അടച്ചിട്ടുണ്ട്. പൊതുജനങ്ങളെ പ്രദേശത്തുനിന്ന് മാറ്റിനിർത്താൻ സുരക്ഷാസേനയും രംഗത്തുണ്ട്. പുൽത്തകിടിയിലെ ഈ അടയാളങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.