സ്‌കോളര്‍ഷിപ്പിനായി അച്ഛന്റെ മരണമടക്കം വ്യാജ സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസ് മടക്കി അയക്കുന്നു

സ്‌കോളര്‍ഷിപ്പിനായി അച്ഛന്റെ മരണമടക്കം വ്യാജ സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസ് മടക്കി അയക്കുന്നു


പെന്‍സില്‍വേനിയ: വ്യാജ രേഖകള്‍ സമര്‍പ്പിച്ച് സ്‌കോളര്‍ഷിപ്പ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച ഇന്ത്യ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ നിന്ന് മടക്കി അയക്കാന്‍ തീരുമാനം. പെന്‍സില്‍വേനിയയിലെ ബെത്‌ലഹേമിലുള്ള ലെഹിഗ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ 19 കാരന്‍ ആര്യന്‍ ആനന്ദാണ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. അച്ഛന്റെ മരണമടക്കം വ്യാജ സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കിയെന്നതാണ് കുറ്റം. നുണകള്‍ക്ക് മേലെ താന്‍ പണിത ജീവിതം എന്ന പേരില്‍ ആനന്ദ് തന്നെ റെഡ്ഡിറ്റിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ യുവാവിന്് വിനയായത്. സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ് മുഴുവനായി കിട്ടാനായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.

സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആര്യന്‍ ആനന്ദ്. അച്ഛന്റെ മരണം സംബന്ധിച്ച് ആര്യന്‍ സര്‍വകലാശാലയില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയതോടെ ആനന്ദിന്റെ അഡ്മിഷന്‍ യൂണിവേഴ്‌സിറ്റി പിന്‍വലിച്ചു. സംഭവം പൊലീസ് കേസായി കോടതിയിലുമെത്തി. രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചുവെന്നും തെറ്റായ സാമ്പത്തിക രേഖകള്‍ ഹാജരാക്കിയെന്നും അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കി അനര്‍ഹമായ ആനുകൂല്യം തട്ടിയെന്നുമടക്കം ആര്യനെതിരെ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12 ന് നടന്ന വിചാരണയില്‍ കോടതിയില്‍ ആനന്ദ് കുറ്റം സമ്മതിച്ചു. ഇതോടെ നോര്‍ത്താംപ്റ്റണ്‍ കൗണ്ടി കോടതി ഒന്ന് മുതല്‍ മൂന്ന് മാസം വരെ തടവിനും 85000 ഡോളര്‍ (70 ലക്ഷം രൂപ) പിഴയടക്കാനും ശിക്ഷിച്ചു. യൂണിവേഴ്‌സിറ്റിയെ കബളിപ്പിച്ചതിന് നഷ്ടപരിഹാരമായി നല്‍കേണ്ടതായിരുന്നു പിഴത്തുക. എന്നാല്‍ പണം വേണ്ടെന്ന് സര്‍വകലാശാല വ്യക്തമാക്കി.

ഏപ്രില്‍ 30 നാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്. റെഡ്ഡിറ്റില്‍ തന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ആനന്ദ് വിശദമായി കുറിപ്പിട്ടിരുന്നു. അതില്‍ ഞാന്‍ നുണകള്‍ കൊണ്ട് പണിതെടുത്ത എന്റെ ജീവിതവും കരിയറും എന്നാണ് ഇംഗ്ലീഷില്‍ തലക്കെട്ട് നല്‍കിയത്. പോസ്റ്റ് ശ്രദ്ധയില്‍പെട്ട റെഡ്ഡിറ്റ് മോഡറേറ്റര്‍ ആനന്ദിന്റെ പ്രൊഫൈല്‍ പരിശോധിച്ചു. ലെഹിഗ് സര്‍വകലാശാലയെ മാത്രം ഫോളോ ചെയ്തിരുന്ന ആനന്ദിന്റെ പ്രൊഫൈലിലെ വിവരങ്ങളും പോസ്റ്റും കൂട്ടിവായിച്ച മോഡറേറ്റര്‍ വിവരം സര്‍വകലാശാലയെ അറിയിക്കുകയായിരുന്നു. ഇയാളുടെ നടപടി മാതൃകാപരമെന്ന് വിശേഷിപ്പിച്ച കോടതിയും അന്വേഷണ സംഘവും അഭിനന്ദനവും അറിയിച്ചു.