കാലിഫോര്‍ണിയ : അമേരിക്കയില്‍ ഐടി ജീവനക്കാരനായ ഇന്ത്യന്‍ യുവാവിനെ പോലീസ് വെടിവച്ച് കൊന്നു. തെലങ്കാന സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീന്‍ (30) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്നയാളുമായുണ്ടായ സംഘര്‍ഷത്തിനിടെയാണ് യുവാവിനെതിരെ പോലീസ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലാണ് സംഭവം. തെലങ്കാനയിലെ മഹബൂബ്‌നഗര്‍ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീന്‍. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
സെപ്റ്റംബര്‍ മൂന്നിന് നിസാമുദ്ദീന്‍ ഒപ്പം താമസിച്ചിരുന്നവരുമായി വഴക്കിടുകയും തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പിലേക്ക് നയിച്ച കൃത്യമായ സാഹചര്യം ഇപ്പോഴും വ്യക്തമല്ല. അടിയന്തര ഫോണ്‍ കോള്‍ ലഭിച്ചതിന് പിന്നാലെയാണ് പോലീസ് സ്ഥലത്തെത്തിയത്.
വീടിനുള്ളില്‍ കത്തിയുമായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സാന്താ ക്ലാര പോലീസ് പറഞ്ഞു. ഒന്നിലധികം പരിക്കേറ്റ റൂംമേറ്റിനെ അദ്ദേഹം പിടിച്ചുവെച്ചിരിക്കുകയായിരുന്നുവെന്ന് ഉേദ്യാഗസ്ഥര്‍ വ്യക്തമാക്കി. നിസാമുദ്ദീനും ഒപ്പം താമസിച്ചിരുന്നവരും തമ്മിലുള്ള തര്‍ക്കം അക്രമാസക്തമായ ആക്രമണത്തിലേക്ക് നീങ്ങിയതായും തുടര്‍ന്ന് പോലീസ് വെടിയുതിര്‍ക്കുകയുമായിരുന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.
വംശീയ വിവേചനത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം അറിയിച്ചു. യുവാവിന്റെ കുടുംബത്തെ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രിയോട് മജ്‌ലിസ് ബച്ചാവോ തഹ്‌രീക് (എംബിടി) വക്താവ് അംജദ് ഉല്ലാ ഖാന്‍ പറഞ്ഞു.
മകന്റെ മരണവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്കും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും യുവാവിന്റെ പിതാവ് കത്തയച്ചു. മൃതദേഹം മഹാബൂബ് നഗറിലേക്ക് കൊണ്ടുവരാന്‍ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടു. നിസാമുദ്ദീന്റെ ഒരു സുഹൃത്താണ് മകന്റെ മരണവിവരം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കവെ യുവാവിന്റെ പിതാവ് പറഞ്ഞു.
മകന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചതായും മൃതദേഹം കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലെ ഏതോ ആശുപത്രിയിലാണെന്നും അറിയാനായെന്ന് പിതാവ് വ്യക്തമാക്കി. വെടിവെപ്പ് ഉണ്ടായതിന്റെ കൂടുതല്‍ കാരണങ്ങള്‍ വ്യക്തമല്ല. സഹായത്തിനായി പോലീസിനെ വിളിച്ചത് നിസാമുദ്ദീന്‍ തന്നെയാണെന്നും എന്നാല്‍ ഒടുവില്‍ പോലീസുകാരുടെ വെടിയേറ്റ് മരിക്കുകയായിരുന്നെന്നും കുടുംബം അവകാശപ്പെട്ടു. മകന്‍ യുഎസ്എയില്‍ എംഎസ് പൂര്‍ത്തിയാക്കിയ ശേഷം സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായി ജോലി ചെയ്യുകയാണെന്ന് ഹസ്‌നുദ്ദീന്‍ പറഞ്ഞു.
''കത്തി വീശി റൂം മേറ്റിനെ ബന്ദിയാക്കി'' : തെലങ്കാന സ്വദേശിയായ ഐടി ജീവനക്കാരനെ യുഎസില്‍ പൊലീസ് വെടിവെച്ചുകൊന്നു
