ഗാസയിൽ വെടിനിർത്തലിന് വേണ്ടിയുള്ള യു.എൻ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ഗാസയിൽ വെടിനിർത്തലിന് വേണ്ടിയുള്ള യു.എൻ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക


വാഷിംഗ്്ടൺ: ഗാസയിൽ വെടിനിർത്തലിന് വേണ്ടിയുള്ള യു.എൻ രക്ഷാസമിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.
 മുമ്പ് നിരവധി തവണ ഗാസയിൽ വെടിനിർത്തലിന് വേണ്ടിയുള്ള പ്രമേയം വന്നപ്പോഴും യു.എന്നിൽ യു.എസ് ഇത് വീറ്റോ ചെയ്തിരുന്നു.

15 അംഗങ്ങളിൽ 14 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗാസയിൽ അടിയന്തരമായി ഉപാധികളില്ലാത്ത വെടിനിർത്തൽ ഇരുകക്ഷികളും പ്രാബല്യത്തിൽ വരുത്തണമെന്നായിരുന്നു പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഹമാസിന്റെ തടവിലുള്ള മുഴുവൻ ബന്ദികളേയും വിട്ടയക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യു.എസ് പ്രമേയത്തെ വീറ്റോ ചെയ്തത്.

വ്യാജ ആരോപണങ്ങളാണ് പ്രമേയത്തിലൂടെ ഉയർത്തിയതെന്നും ഇത് ഹമാസിന് അനുകൂലമാവുന്ന രീതിയിലായിരുന്നുവെന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു. അതേസമയം, പ്രമേയത്തെ യു.എസ് വീറ്റോ ചെയ്തത് ദുഖഃകരമാണെന്നായിരുന്നു യു.എന്നിലെ പാലസ്തീൻ അംബാസിഡർ റിയാദ് മൻസൂറിന്റെ പ്രതികരണം. വംശഹത്യയിൽ നിന്ന് പാലസ്തീൻ ജനതയെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, യു.എൻ രക്ഷാസമിതി ഇപ്പോഴും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുകയാണെന്നും പാലസ്തീൻ ആരോപിച്ചു. പാലസ്തീന് വേണ്ടി വൈകാരിക പ്രകടനവുമായി അൾജീരിയൻ അംബാസിഡർ അമർ ബെൻഡജാമ രംഗത്തെത്തി. പാലസ്തീനിലെ സഹോദരൻമാരും സഹോദരിമാരും ഞങ്ങളോട് ക്ഷമിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, സെൻട്രൽ ഗാസയെ ലക്ഷ്യമിട്ട് ഇസ്രായേൽ അതിവേഗം നീങ്ങുകയാണ്. രണ്ട് ദിശകളിലൂടെയാണ് ഇപ്പോൾ ഇസ്രായേലിന്റെ മുന്നേറ്റം. ടാങ്കുകൾ ഉൾപ്പടെയുള്ളവയുമായാണ് ഇസ്രായേൽ മുന്നേറ്റം. പാലസ്തീനിലെ നിസ്സഹായരായ ജനതക്ക് നേരെ തുടർച്ചയായ ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തുന്നത്.