ഇന്ത്യന്‍ വംശജയായ സിഇഒയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ സ്ഥാപനം പുറത്താക്കി

ഇന്ത്യന്‍ വംശജയായ സിഇഒയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ സ്ഥാപനം പുറത്താക്കി


ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ സിഇഒയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വംശീയ വിദ്വേഷ പരാമര്‍ശം നടത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മാറ്റ് ഫോര്‍ണിയെ (Matt Forney) മാധ്യമ സ്ഥാപനം പുറത്താക്കി. 'ദി ബ്ലേസ്' (The Blaze) എന്ന വാര്‍ത്താ സ്ഥാപനമാണ് നടപടി സ്വീകരിച്ചത്.

ഫോര്‍ണി കഴിഞ്ഞ ആഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് വിവാദം ആരംഭിച്ചത്. 'എല്ലാ ഇന്ത്യക്കാരെയും നാടുകടത്തണം' എന്ന പരാമര്‍ശത്തോടൊപ്പം, അമേരിക്കന്‍ ഇകൊമേഴ്‌സ് കമ്പനിയായ എറ്റ്‌സിയുടെ പുതിയ സിഇഒയായ കൃതി പട്ടേല്‍ ഗോയലിനെ 'അയോഗ്യ'യെന്നും വിശേഷിപ്പിക്കുകയായിരുന്നു അദ്ദേഹം. 'മറ്റൊരു അയോഗ്യ ഇന്ത്യക്കാരി വീണ്ടും ഒരു അമേരിക്കന്‍ കമ്പനിയെ കൈയ്യടക്കുന്നു. അവളുടെ ആദ്യ നടപടി അമേരിക്കക്കാരെ പിരിച്ചുവിട്ട് ഇന്ത്യന്‍ തൊഴിലാളികളെ നിയമിക്കലായിരിക്കും. DEI ( Diversity, equity and inclusion വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍ ) എന്നത്   'Deport Every Indian' (എല്ലാ ഇന്ത്യക്കാരെയും നാടുകടത്തുക) എന്നതായിരിക്കണം' എന്നായിരുന്നു ഫോര്‍ണിയുടെ ട്വീറ്റ്.

വംശീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു. മാന്‍ഹാട്ടന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫെലോ രേണു മുഖര്‍ജി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഫോര്‍ണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തി. 'ഒരു പ്രത്യേക സമൂഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നയാളെ 'ദി ബ്ലേസ്' നിയമിച്ചതില്‍ അത്ഭുതമുണ്ട്. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ദോഷകരമായിരിക്കും,' എന്ന് മുഖര്‍ജി എക്‌സില്‍ കുറിച്ചു.

വിവാദത്തിന് പിന്നാലെ ദി ബ്ലേസ് ഫോര്‍ണിയെ പിരിച്ചുവിട്ടതായി അറിയിച്ചു. 'അദ്ദേഹത്തിന്റെ ആശങ്കാജനകമായ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് പിരിച്ചുവിടലിനു കാരണമായത് ' എന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം. എന്നാല്‍ ഏത് പോസ്റ്റുകളാണെന്ന് വ്യക്തമാക്കിയിട്ടില്ല.

തന്റെ പിരിച്ചുവിടലിനെക്കുറിച്ച് ഫോര്‍ണി എക്‌സില്‍ പ്രതികരിച്ചു: 'എന്നെ പിരിച്ചുവിട്ടു. 'ചിന്താജനകമായ ട്വീറ്റുകള്‍' ചെയ്തു എന്നായിരുന്നു കാരണം. പക്ഷേ ഏത് ട്വീറ്റുകളാണെന്ന് വ്യക്തമാക്കിയില്ല. എന്റെ ട്വീറ്റുകള്‍ കണ്ടു തന്നെയാണ് 'ദി ബ്ലേസ്' എന്നെ നിയമിച്ചതെന്ന കാര്യവും ഓര്‍മ്മിപ്പിക്കട്ടെ,' എന്ന് ഫോര്‍ണി എഴുതി.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സിറാക്യൂസ് സ്വദേശി ഫോര്‍ണി 2018 മുതല്‍ 2024 വരെ ടെറര്‍ ഹൗസ് പ്രസ്സ് (Terror House Press) എന്ന സ്വതന്ത്ര പ്രസാധന സ്ഥാപനത്തിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. വിവിധ സാഹിത്യ മാസികകളില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിയമ സ്ഥാപനങ്ങള്‍, യാത്രാ ഏജന്‍സികള്‍, ആരോഗ്യ വെബ്‌സൈറ്റുകള്‍ തുടങ്ങിയവയ്ക്കായി ഉള്ളടക്കം തയ്യാറാക്കുന്നതിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.