ട്രംപിന്റെ കമാന്‍ഡിന് കീഴിലുള്ള നാഷണല്‍ ഗാര്‍ഡിനെ ഒറിഗോണിലേക്ക് വിന്യസിക്കുന്നത് തടഞ്ഞ് ജഡ്ജി

ട്രംപിന്റെ കമാന്‍ഡിന് കീഴിലുള്ള  നാഷണല്‍ ഗാര്‍ഡിനെ ഒറിഗോണിലേക്ക് വിന്യസിക്കുന്നത് തടഞ്ഞ് ജഡ്ജി


ഒറിഗോണ്‍: ട്രംപ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും നാഷണല്‍ ഗാര്‍ഡിനെ ഒറിഗോണിനുള്ളില്‍ വിന്യസിക്കുന്നത് താല്‍ക്കാലികമായി ഫെഡറല്‍ ജഡ്ജി തടഞ്ഞു. ഞായറാഴ്ച രാത്രി നടന്ന അടിയന്തര വാദം കേള്‍ക്കലിലാണ്  ഒറിഗോണിലെ ഫെഡറല്‍ ജഡ്ജി വിധി പ്രസ്താവിച്ചത്.  

ട്രംപ് ഭരണകൂടം അതിന്റെ അധികാരപരിധി ലംഘിച്ചുവെന്നും ഒറിഗോണിന്റെ നാഷണല്‍ ഗാര്‍ഡിനെ പോര്‍ട്ട്‌ലാന്‍ഡിലേക്ക് വിന്യസിക്കാന്‍ കഴിയില്ലെന്നും ജഡ്ജി കരിന്‍ ഇമ്മര്‍ഗട്ട് ശനിയാഴ്ച പറഞ്ഞിരുന്നു. ഭരണകൂടം തങ്ങളുടെ കമാന്‍ഡിന് കീഴിലുള്ള 200 കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡ് സൈനികരെ ഒറിഗോണിലേക്ക് അയച്ചതിന് ശേഷമുള്ള ഞായറാഴ്ചത്തെ ഉത്തരവിനും അതേ ന്യായവാദങ്ങള്‍ ബാധകമാണെന്ന് അവര്‍ പറഞ്ഞു.

പോര്‍ട്ട്‌ലാന്‍ഡ്, ഷിക്കാഗോ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഫെഡറല്‍ സംരക്ഷണ ദൗത്യങ്ങള്‍ക്കായി ടെക്‌സസ് നാഷണല്‍ ഗാര്‍ഡിലെ 400 വരെ അംഗങ്ങളെ അണിനിരത്താനും ട്രംപ് ഭരണകൂടം അംഗീകാരം നല്‍കിയിരുന്നു.

കാലിഫോര്‍ണിയയില്‍ നിന്നും ടെക്‌സസില്‍ നിന്നും സൈന്യത്തെ അയയ്ക്കാനുള്ള നീക്കങ്ങള്‍ 'ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിന്റെ നേരിട്ടുള്ള ലംഘനമായി' കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഇമ്മര്‍ഗട്ട് 'എന്റെ ഉത്തരവ് കൈകാര്യം ചെയ്യുന്നതിനുള്ള ഉചിതമായ മാര്‍ഗമാണിതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?' എന്ന് ഞായറാഴ്ച ഫെഡറല്‍ സര്‍ക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു.

താല്‍ക്കാലിക ഉത്തരവ് 14 ദിവസത്തിനുള്ളില്‍ കാലഹരണപ്പെടും.

ഫെഡറല്‍ ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഉപരോധത്തിലാണെന്ന് പറഞ്ഞുകൊണ്ട്, പോര്‍ട്ട്‌ലാന്‍ഡിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് സെപ്റ്റംബര്‍ അവസാനം, പെന്റഗണിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിനോ പ്രതിഷേധക്കാരില്‍ നിന്ന് ഫെഡറല്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുന്നതിനോ വേണ്ടി ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള നഗരങ്ങളില്‍ സൈന്യത്തെ വിന്യസിക്കാന്‍ പ്രസിഡന്റ് അമിതമായ ഉത്സാഹം കാണിച്ചിട്ടുണ്ട്. ട്രംപിന്റെ നയത്തോട് യോജിപ്പില്ലാത്ത സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ക്കുകയും അദ്ദേഹത്തെ തടയാന്‍ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.