എല്‍ സാല്‍വഡോറിലേക്ക് അബദ്ധത്തില്‍ നാടുകടത്തപ്പെട്ട ആള്‍ 'ജീവനോടെ സുരക്ഷിതനിയിരിക്കുന്നു' എന്ന് അമേരിക്ക

എല്‍ സാല്‍വഡോറിലേക്ക് അബദ്ധത്തില്‍ നാടുകടത്തപ്പെട്ട ആള്‍ 'ജീവനോടെ സുരക്ഷിതനിയിരിക്കുന്നു' എന്ന് അമേരിക്ക


മേരിലാന്‍ഡ് സംസ്ഥാനത്ത് നിന്ന് എല്‍ സാല്‍വഡോറിലെ മെഗാ ജയിലിലേക്ക് തെറ്റായി നാടുകടത്തപ്പെട്ട ആള്‍ 'ജീവനോടെയും സുരക്ഷിതമായും' ഇരിക്കുന്നു എന്ന് ജഡ്ജിയോട് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നാടുകടത്തപ്പെട്ട കില്‍മര്‍ അബ്രെഗോ ഗാര്‍സിയ എന്നയാളുടെ ജയില്‍ മോചനത്തിനും യുഎസിലേക്ക് മടങ്ങുന്നതിനും ട്രംപ് ഭരണകൂടം സൗകര്യമൊരുക്കണമെന്ന് സുപ്രീം കോടതി വിധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നത്.

'സാന്‍ സാല്‍വഡോറിലെ അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള ഔദ്യോഗിക റിപ്പോര്‍ട്ടിംഗിനെ അടിസ്ഥാനമാക്കി, അബ്രെഗോ ഗാര്‍സിയ എല്‍ സാല്‍വഡോറിലെ തീവ്രവാദ തടവറയിലാണ് കഴിയുന്നതെന്ന് കരുതുന്നുവെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ മൈക്കല്‍ കൊസാക് പറഞ്ഞു.

അവര്‍ ഗുണ്ടാസംഘാംഗങ്ങളാണെന്ന് ആരോപിച്ച് 200 ലധികം കുടിയേറ്റക്കാരെ നാടുകടത്തിയ എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് ബുക്കലെയുമായി  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച  കൂടിക്കാഴ്ച നടത്തുമെന്ന് മൈക്കല്‍ കൊസാക് പറഞ്ഞു.

'ഭരണപരമായ പിഴവ്' മൂലമാണ് ഗാര്‍സിയയെ നാടുകടത്തിയതെന്ന് യുഎസ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്, എന്നിരുന്നാലും അദ്ദേഹം എംഎസ്13 സംഘത്തിലെ അംഗമാണെന്നും അവകാശപ്പെടുന്നു. അതേസമയം ഗാര്‍സിയയുടെ അഭിഭാഷകന്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം എല്‍ സാല്‍വഡോറിലെ കുപ്രസിദ്ധമായ തീവ്രവാദ തടവറ കേന്ദ്രത്തിലേക്ക് (സെക്കോട്ട്) നാടുകടത്തിയ 238 വെനിസ്വേലക്കാരിലും 23 സാല്‍വഡോറുകാരിലും ഒരാളായിരുന്നു അദ്ദേഹം.

'അദ്ദേഹം ആ കേന്ദ്രത്തില്‍ ജീവനോടെയും സുരക്ഷിതമായും ഉണ്ട്, കൊസാക്ക് ശനിയാഴ്ച കൂട്ടിച്ചേര്‍ത്തു.

2019ല്‍ ഒരു ഇമിഗ്രേഷന്‍ ജഡ്ജി സാല്‍വഡോറന്‍ വംശജനായ  ഗാര്‍സിയയ്ക്ക് നാടുകടത്തലില്‍ നിന്ന് നിയമപരമായ സംരക്ഷണം നല്‍കിയിരുന്നു.

ഗാര്‍സിയയെ യുഎസിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനെതിരെ ട്രംപിന്റെ ഭരണകൂടം നിയമ പോരാട്ടത്തിലായിരുന്നു. ഗാര്‍സിയയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച മേരിലാന്‍ഡ് ഡിസോട്രിക്റ്റ് ജഡ്ജി പോള സിനിസ് തന്റെ അധികാരപരിധിക്കപ്പുറം പോവുകയാണെന്നാണ് ട്രംപ് ഭരണകൂടം വാദിച്ചത്.

എന്നിരുന്നാലും, 6-3 യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള യുഎസ് സുപ്രീം കോടതി, ഈ ആഴ്ച കേസില്‍ തീര്‍പ്പുകല്‍പ്പിക്കുകയും അദ്ദേഹത്തിന്റെ മോചനം സുഗമമാക്കാന്‍ സഹായിക്കുന്നതിനുള്ള ഉത്തരവിനെ ഏകകണ്ഠമായി പിന്തുണയ്ക്കുകയും ചെയ്തു.

ഗാര്‍സിയയെ യുഎസിലേക്ക് തിരികെ കൊണ്ടുവരാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നതുസംബന്ധിച്ച് ദിവസേനയുള്ള അപ്‌ഡേറ്റുകള്‍ നല്‍കണമെന്ന് വെള്ളിയാഴ്ച, ജഡ്ജി സിനിസ് ട്രംപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

'കോടതി ഉത്തരവുകള്‍ വൈകിപ്പിക്കാനും, അവ്യക്തമാക്കാനും, ലംഘിക്കാനും ഒരു മനുഷ്യന്റെ ജീവനും സുരക്ഷയും അപകടത്തിലാക്കാനുമാണ് യുഎസ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഗാര്‍സിയയുടെ അഭിഭാഷകര്‍ ആരോപിച്ചതായി കോടതി രേഖകള്‍ കാണിക്കുന്നു.

ഇപ്പോള്‍ 29 വയസുള്ള ഗാര്‍സിയ കൗമാരക്കാരനായിരിക്കെയാണ് എല്‍ സാല്‍വഡോറില്‍ നിന്ന് നിയമവിരുദ്ധമായി യുഎസില്‍ പ്രവേശിച്ചത്. 2019 ല്‍, മേരിലാന്‍ഡില്‍ മറ്റ് മൂന്ന് പുരുഷന്മാരോടൊപ്പം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടര്‍ന്ന്, സ്വന്തം നാട്ടിലെ പ്രാദേശിക സംഘങ്ങളില്‍ നിന്നുള്ള പീഡനത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ നാടുകടത്തലില്‍ നിന്ന് ഒഴിവാക്കി.

'ആരെയെങ്കിലും തിരികെ കൊണ്ടുവരണം' എന്ന് സുപ്രീം കോടതി പറഞ്ഞാല്‍ ഞാന്‍ അത് ചെയ്യും എന്ന് ട്രംപ് ഈ ആഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

'ഞാന്‍ സുപ്രീം കോടതിയെ ബഹുമാനിക്കുന്നു,' എന്നും ട്രംപ് പറഞ്ഞു.

എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുക്കെലെയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടക്കും.

തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റില്‍, ട്രംപ് അതിനായി കാത്തിരിക്കുകയാണെന്നും 'ലോകത്തിലെ ഏറ്റവും അക്രമാസക്തരായ ചില അന്യഗ്രഹ ശത്രുക്കളെ' സ്വീകരിച്ചതിന് ബുക്കെലെയോട് നന്ദി പറയുകയും ചെയ്തു  നാടുകടത്തപ്പെടുന്നവരെ 'ബാര്‍ബേറിയന്‍മാര്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

'നാടുകടത്തപ്പെടുന്നവരുടെ ഭാവി പ്രസിഡന്റ് ബുക്കലെയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ആശ്രയിച്ചിരിക്കുന്നു, എന്ന് ട്രംപ് പറഞ്ഞു. 'അവര്‍ ഇനി ഒരിക്കലും നമ്മുടെ പൗരന്മാരെ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യില്ല! എന്നും ട്രംപ് പറഞ്ഞു.