വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനാണ് വിവാഹത്തിനു മുമ്പ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്ന അവകാശവാദം ഉന്നയിച്ച ഹണ്ടര്‍ ബൈഡനെതിരെ 1 ബില്യണ്‍ ഡോളറിലധികം വരുന്ന തുകയ്ക്ക് മാനനഷ്ട കേസ് ഫയല്‍ചെയ്യുമെന്ന് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് ഭീഷണി മുഴക്കി.
മുന്‍ പ്രസിഡന്റ് ജോസഫ് ബൈഡന്റെ മകനായ ഹണ്ടര്‍ ബൈഡന്‍ എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ അവകാശവാദം 'തെറ്റായതും, അപമാനകരവും, അപകീര്‍ത്തികരവും, പ്രകോപനപരവുമാണ്' എന്ന് 2005 ല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിവാഹം കഴിച്ച മെലാനിയയുടെ അഭിഭാഷകര്‍ പറഞ്ഞു.
ഈ മാസം ആദ്യം ഒരു അഭിമുഖത്തിനിടെ ഹണ്ടര്‍ ബൈഡന്‍ നടത്തിയ പ്രസ്താവനയിലാണ് എപ്സ്റ്റീനുമായുള്ള പ്രസിഡന്റിന്റെ മുന്‍ ബന്ധങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.
ഡോണള്‍ഡ് ട്രംപ് എപ്സ്റ്റീന്റെ സുഹൃത്തായിരുന്നു, എന്നാല്‍ 2000 കളുടെ തുടക്കത്തില്‍ ട്രംപിന്റെ ഫ്‌ലോറിഡ ഗോള്‍ഫ് ക്ലബ്ബിലെ സ്പായില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ട്രംപും എപ്സ്റ്റീനും തമ്മില്‍ തെറ്റിപ്പിരിഞ്ഞതെന്നും ഹണ്ടര്‍ ബൈഡന്‍ പറഞ്ഞു.
ഹണ്ടര്‍ ബൈഡന്‍ നടത്തിയ തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ക്ഷമാപണം നടത്തിയില്ലെങ്കില്‍ '1 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ നഷ്ടപരിഹാരത്തിന്' നിയമനടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനെ അഭിസംബോധനചെയ്ത് പ്രഥമ വനിതയുടെ അഭിഭാഷകരില്‍ നിന്നുള്ള കത്തില്‍ ആവശ്യപ്പെട്ടു.
ബൈഡന്റെ മകന് 'മറ്റുള്ളവരുടെ പേരുകള്‍ ഉപയോഗിച്ച് കച്ചവടം നടത്തിയതിന്റെ വിപുലമായ ചരിത്രമുണ്ട്' എന്നും, ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചെതെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.
ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച, ചലച്ചിത്ര നിര്‍മ്മാതാവ് ആന്‍ഡ്രൂ കാലഗനുമായുള്ള വിശാലമായ അഭിമുഖത്തിനിടെ, എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുറത്തുവിടാത്ത രേഖകള്‍ പ്രസിഡന്റ് ട്രംപിനെ 'കുഴപ്പത്തിലാക്കുമെന്ന്' ഹണ്ടര്‍ ബൈഡന്‍ അവകാശപ്പെട്ടിരുന്നു.
'എപ്സ്റ്റീന്‍ മെലാനിയയെ ട്രംപിന് പരിചയപ്പെടുത്തിയെന്നും അവര്‍ക്കിടയിലെ ബന്ധങ്ങള്‍ വളരെ വിശാലവും ആഴമേറിയതുമാണ്' എന്ന് പ്രസിഡന്റിന്റെ വിമര്‍ശനാത്മക ജീവചരിത്രത്തില്‍ അവകാശപ്പെട്ട് എഴുതിയ പത്രപ്രവര്‍ത്തകനായ മൈക്കല്‍ വുള്‍ഫിനെതിരെയും പ്രഥമ വനിത നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.
യുഎസ് മാധ്യമമായ ഡെയ്‌ലി ബീസ്റ്റിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, എപ്സ്റ്റീന്റെയും ട്രംപിന്റെയും ഒരു കൂട്ടാളിക്ക് പ്രഥമ വനിത തന്റെ ഇപ്പോഴത്തെ ഭര്‍ത്താവിനെ കണ്ടുമുട്ടിയ വിവരം അറിയാമായിരുന്നുവെന്ന് വോള്‍ഫ് അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കത്തെയും ചട്ടക്കൂടിനെയും വെല്ലുവിളിച്ചുകൊണ്ട് പ്രഥമ വനിത വക്കീല്‍ നോട്ടീസ് അയച്ചതിനെതുടര്‍ന്ന് യുഎസ് മാധ്യമം പിന്നീട് വാര്‍ത്ത പിന്‍വലിച്ചു.
2019ല്‍ വിചാരണ കാത്തിരിക്കുന്നതിനിടെ ജയിലില്‍ ആത്മഹത്യ ചെയ്ത എപ്സ്റ്റീന്‍ ആണ് ട്രംപ് -മെലാനി ദമ്പതികളെ പരസ്പരം പരിചയപ്പെടുത്തിയത് എന്നതിന് തെളിവുകളൊന്നുമില്ല.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട അവകാശവാദം: ഹണ്ടര്‍ ബൈഡനെതിരെ 1 ബില്യണ്‍ ഡോളറിന് മാന കേസ് കൊടുക്കുമെന്ന് മെലാനിയ ട്രംപ്
