വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി പ്രസിഡന്റ് ട്രംപിന് ബന്ധമുണ്ട് എന്ന തരത്തില്‍ ടെസ്ല മേധാവിയും ട്രംപിന്റെ മുന്‍ വിശ്വസ്തനുമായിരുന്ന എലോണ്‍ മസ്‌ക് നടത്തിയ വിവാദമായ പഴയ ട്വീറ്റ് വീണ്ടും ചര്‍ച്ചയാകുന്നു. നീതിന്യായ വകുപ്പും എഫ്ബിഐയും തമ്മിലുള്ള ഭിന്നതകള്‍ക്കിടയില്‍ ട്രംപ്-ജെഫ്രി എപ്സ്റ്റീന്‍ ബന്ധം നീതിന്യായ വകുപ്പിന്റെ കുപ്രസിദ്ധമായ ഫയലുകളിലുണ്ട് എന്ന തരത്തില്‍ വീണ്ടും വിവാദങ്ങളില്‍ ഇടം പിടിച്ചതോടെയാണ് എലോണ്‍ മസ്‌കിന്റെ പഴയ ട്വീറ്റ് വീണ്ടും ഉയര്‍ന്നുവരുന്നത്.
മെയ് മാസത്തില്‍ നീതിന്യായ വകുപ്പിന്റെ ഫയലുകളുടെ അവലോകനത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പ്രസിഡന്റിനോട് വിശദീകരിച്ചതായും അവയില്‍ അദ്ദേഹത്തിന്റെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതായും സിഎന്‍എന്നും ദി വാള്‍ സ്ട്രീറ്റ് ജേണലും ബുധനാഴ്ച സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
ഡിഒജെയുടെ കണ്ടെത്തലുകളുടെ വ്യാപ്തി ഉള്‍ക്കൊള്ളുന്ന ഒരു .പതിവ് ബ്രീഫിംഗില്‍' ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചും ഉണ്ടായിരുന്നതായും ട്രംപിന്റെ പേര് കുപ്രസിദ്ധമായ ഫയലുകളില്‍ പ്രത്യക്ഷപ്പെട്ടതായി വൈറ്റ് ഹൗസിനെ അറിയിച്ചതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
' ബോണ്ടി തയ്യാറാക്കി കൈമാറിയ ഫയലുകളില്‍ ട്രംപിന്റെ പേര് ഉണ്ടായിരുന്നുവെന്നും ഇതില്‍ വൈറ്റ് ഹൗസിന് അത്ഭുതമില്ലെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പ്രസിദ്ധീകരണത്തോട് പറഞ്ഞു. 'ഇതിനെ വൈറ്റ് ഹൗസ് ഒരു വിപ്ലവകരമായതോ പുതിയതോ ആശ്ചര്യകരമോ ആയി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി'
പ്രസിഡന്റ് എന്തെങ്കിലും തെറ്റ് ചെയ്തതിന് തെളിവുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 2003ല്‍ ശിക്ഷിക്കപ്പെട്ട ലൈംഗിക ധനസഹായിയും ശിശുപീഢകനുമായ എപ്സ്റ്റീന്റെ 50ാം ജന്മദിനത്തില്‍ ട്രംപ് എപ്സ്റ്റീന് എഴുതിയതായി ആരോപിക്കപ്പെടുന്ന അശ്ലീല ജന്മദിന കത്തുകളെക്കുറിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്.
'ഒരു വിചിത്ര സ്വഭാവത്തിന്റെ ഉടമയെന്ന് ആരോപിച്ച് ജെഫ്രി എപ്സ്റ്റീനെ പ്രസിഡന്റ് തന്റെ ക്ലബ്ബില്‍ നിന്ന് പുറത്താക്കി എന്നതാണ് വസ്തുത,' വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ച്യൂങ് അന്ന് പറഞ്ഞു. 'ഇത് ഒബാമ റഷ്യ-ഗേറ്റ് അഴിമതി പോലെ ഡെമോക്രാറ്റുകളും ലിബറല്‍ മാധ്യമങ്ങളും കെട്ടിച്ചമച്ച വ്യാജ വാര്‍ത്തകളുടെ തുടര്‍ച്ചയല്ലാതെ മറ്റൊന്നുമല്ലെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ശരിയാണെന്നും സ്റ്റീവന്‍ ച്യൂങ് വ്യക്തമാക്കി.
'മസ്‌ക് പറഞ്ഞത് ശരിയാണ്'
അതേസമയം ഇപ്പോള്‍, ട്രംപിന്റെ പ്രശസ്ത മാഗ പിന്തുണക്കാര്‍ ഉള്‍പ്പെടെ നിരവധി സ്വാധീനശക്തിയുള്ളവര്‍, ട്രംപ് എപ്സ്റ്റീന്‍ ഫയലുകളില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പഴയ ട്വീറ്റ് ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പ്, ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെക്കുറിച്ച് പ്രസിഡന്റ് ട്രംപുമായി തര്‍ക്കത്തിലായിരുന്നപ്പോളാണ്, മസ്‌ക് വിവാദമായ ട്വീറ്റ് നടത്തിയത്: 'ശരിക്കും വലിയ ബോംബ് ഇടേണ്ട സമയമായി: @realDonaldTrump എപ്സ്റ്റീന്‍ ഫയലുകളില്‍ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം അതാണ്. ട്രംപിന് ഒരു നല്ല ദിവസം ആശംസിക്കുന്നു!'-എന്നതായിരുന്നു ട്വീറ്റിലെ വരികള്‍.
എന്നാലും, സ്‌ഫോടനാത്മകമായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ദിവസങ്ങള്‍ക്ക് ശേഷം ടെസ്‌ല സിഇഒ തന്റെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
ജന്മദിന കത്തിനെക്കുറിച്ചുള്ള വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം എലോണ്‍ മസ്‌ക് അടുത്തിടെ ട്രംപിനെ ന്യായീകരിച്ചു സംസാരിച്ചിരുന്നു.
