ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ കാനഡയില്‍ അറസ്റ്റുചെയ്തു

ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ കാനഡയില്‍ അറസ്റ്റുചെയ്തു


ന്യൂയോര്‍ക്ക്: ഭീകര സംഘടകള്‍ക്ക് സഹായം നല്‍കുകയും ന്യൂയോര്‍ക്ക് നഗരത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുകയും ചെയ്യുകയും ചെയ്ത 20 കാരനായ പാക്കിസ്ഥാന്‍ പൗരനെ കാനഡയില്‍ അറസ്റ്റുചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിനും അല്‍-ഷാമിനും (ഐഎസ്ഐഎസ്) പിന്തുണയും സഹായങ്ങളും നല്‍കാന്‍ ശ്രമിച്ചതിനാണ്  കാനഡയില്‍ താമസിക്കുന്ന മുഹമ്മദ് ഷാസെബ് ഖാനെ അറസ്റ്റ് ചെയ്തതെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

'ഐഎസിന്റെ പേരില്‍ കഴിയുന്നത്ര ജൂതന്മാരെ കൊന്നൊടുക്കുക എന്ന ഉദ്ദേശത്തോടെ ഇയാള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒക്ടോബര്‍ 7 ന് ഭീകരാക്രമണം ആസൂത്രണം ചെയ്തതായി അറ്റോര്‍ണി ജനറല്‍ മെറിക് ബി ഗാര്‍ലന്‍ഡ് പറഞ്ഞു.

ഇസ്രായേലിനെതിരായ ഹമാസിന് നടത്തിയ ഒക്ടോബര്‍ 7ന്റെ ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ അമേരിക്കയിലെ ജൂതന്മാരെ കൊല്ലാന്‍ പ്രതി തീരുമാനിച്ചതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നേതൃത്വം നല്‍കിയത് എഫ്ബിഐയാണ്.

കാനഡയില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പോകാന്‍ ഇയാള്‍ ശ്രമിച്ചെന്നും അവിടെ ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനിലെ ഒരു ജൂത കേന്ദ്രത്തില്‍ കൂട്ട വെടിവയ്പ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. 'ഒക്ടോബര്‍ 7 ഉം ഒക്ടോബര്‍ 11 ഉം ജൂതന്മാരെ കൊലപ്പെടുത്താനുള്ള ഏറ്റവും നല്ല ദിവസമാണെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. കാരണം ഒക്ടോബര്‍ 7 ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ വാര്‍ഷികമാണ്. ഒക്ടോബര്‍ 11 യോം കിപ്പൂര്‍, യഹൂദരുടെ മതപരമായ പ്രധാനദിനമാണ്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കുമേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്.