സൈനികര്‍ക്ക് താടി അനുവദിച്ച ഉത്തരവ് പെന്റഗണ്‍ പിന്‍വലിച്ചു

സൈനികര്‍ക്ക് താടി അനുവദിച്ച ഉത്തരവ് പെന്റഗണ്‍ പിന്‍വലിച്ചു


വിര്‍ജീനിയ: താടി വെച്ച് സേവനം ചെയ്യാനാണെങ്കില്‍ പ്രത്യേക സേനയില്‍ പോയി ചേരാനും ഇല്ലെങ്കില്‍ അവ വടിച്ചു കളയാനും ആവശ്യപ്പെട്ട് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മറൈന്‍ കോര്‍പ്‌സ് ബേസ് ക്വാണ്ടിക്കോയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ പെന്റഗണ്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 'ഫേഷ്യല്‍ ഹെയര്‍ ഇംപ്ലിമെന്റേഷനുള്ള ഗ്രൂമിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ്' എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ 2010ന് മുമ്പുള്ള മാനദണ്ഡങ്ങളിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. യു എസ് സൈനികര്‍ക്ക് ഇനി താടി അനുവദിക്കില്ല. 

മെഡിക്കല്‍ അല്ലെങ്കില്‍ മതപരമായ കാരണങ്ങളാല്‍ ഇളവുകള്‍ നേടിയ 'വ്യാപകവും പരിഹാസ്യവുമായ ഷേവിംഗ് പ്രൊഫൈലുകളുടെ' യുഗം അവസാനിച്ചുവെന്നാണ് പീറ്റ് ഹെഗ്‌സെത്ത് തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. 

പെന്റഗണിന്റെ തീരുമാനം സിഖ് സമൂഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ നീക്കത്തില്‍ നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ ആശങ്കയും എതിര്‍പ്പും പ്രകടിപ്പിച്ചു. സിഖുകാര്‍, യാഥാസ്ഥിതിക ജൂതന്മാര്‍, മുസ്ലീങ്ങള്‍ തുടങ്ങിയ വിശ്വാസങ്ങള്‍ ആവശ്യപ്പെടുന്ന മറ്റ് മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്‌നം സിംഗ് ചാഹല്‍ പറഞ്ഞു.

സായുധ സേനയില്‍ മതപരമായ അവകാശം നേടുന്നതിന് പോരാടിയവരോടുള്ള വിശ്വാസ വഞ്ചനയാണ് ഈ നീക്കം എന്ന് ചാഹല്‍ പറഞ്ഞു. വിശ്വസ്തതയോടും ബഹുമാനത്തോടും കൂടി രാജ്യത്തെ സേവിക്കുന്ന ഭക്തരായ സൈനികരുടെ അന്തസ്സും മതപരമായ ഐഡന്റിറ്റിയും ഇല്ലാതാക്കുന്നതാണ് ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.

പെന്റഗണിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് ഉടന്‍ തന്നെ നിര്‍ത്തിവയ്ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തോടും കോണ്‍ഗ്രസ് അംഗങ്ങളോടും പൗരാവകാശ സംഘടനകളോടും നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

യു എസ് സൈന്യത്തിലെ സിഖുകാര്‍ക്കായുള്ള പ്രമുഖ അഭിഭാഷക ഗ്രൂപ്പായ ദി സിഖ് കോലിഷന്‍ ഈ നീക്കത്തില്‍ 'രോഷവും ആശങ്കയും' പ്രകടിപ്പിച്ചു. 'താടി, തലപ്പാവ്, വിശ്വാസത്തിന്റെ മറ്റ് ദൃശ്യ അടയാളങ്ങള്‍ ധരിക്കാന്‍ ഇളവുകള്‍ ആശ്രയിക്കുന്ന നൂറുകണക്കിന് ഭക്തരായ സേവന അംഗങ്ങളെ അവരുടെ വിശ്വാസങ്ങളെയോ തൊഴിലോ തെരഞ്ഞെടുക്കാന്‍ ഈ നയം നിര്‍ബന്ധിതരാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 

യാഥാസ്ഥിതിക ജൂതന്മാര്‍, മുസ്ലീങ്ങള്‍ തുടങ്ങിയ മറ്റ് മത സമൂഹങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.