ന്യൂഡല്‍ഹി: കസ്റ്റംസ് നിയമങ്ങളില്‍ മാറ്റം വരുന്നതോടെ ഓഗസ്റ്റ് 25 മുതല്‍ യു എസിലേക്കുള്ള എല്ലാ തപാല്‍ സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തുന്നതായി ഇന്ത്യ. ഇത് സംബന്ധിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസ്താവന പുറത്തിറക്കി.
എല്ലാ മേഖലകളെയും ഏകോപിപ്പിച്ച് തപാല്‍ വകുപ്പ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എത്രയും വേഗം സേവനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
'2025 ജൂലൈ 30-ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ നമ്പര്‍ 14324 തപാല്‍ വകുപ്പ് ശ്രദ്ധിച്ചു. 2025 ഓഗസ്റ്റ് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 800 യു എസ് ഡോളര്‍ വരെ വിലയുള്ള സാധനങ്ങള്‍ക്കുള്ള ഡ്യൂട്ടി-ഫ്രീ ഡി മിനിമിസ് ഇളവ് പിന്‍വലിക്കുന്നതാണ് ഇത്. തല്‍ഫലമായി, യു എസ് എയിലേക്ക് അയയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര തപാല്‍ ഇനങ്ങള്‍ക്കും അവയുടെ മൂല്യം പരിഗണിക്കാതെ രാജ്യത്തിനനുസരിച്ചുള്ള അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക പവര്‍ ആക്ട് (ഐ ഇ ഇ പി എ) താരിഫ് നിയമം അനുസരിച്ച് കസ്റ്റംസ് തീരുവ ബാധകമായിരിക്കും.'' പിഐബിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
ഓഗസ്റ്റ് 25ന് ശേഷം ചരക്കുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് യു എസിലേക്കുള്ള വിമാനക്കമ്പനികള്‍ ഇന്ത്യന്‍ അധികാരികളെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 100 യു എസ് ഡോളര്‍ വരെയുള്ള കത്തുകള്‍/ രേഖകള്‍, സമ്മാന ഇനങ്ങള്‍ എന്നിവ ഒഴികെ 2025 ഓഗസ്റ്റ് 25 മുതല്‍ യു എസ് എയിലേക്ക് പോകുന്ന എല്ലാത്തരം തപാല്‍ വസ്തുക്കളുടെയും ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നാണ് അറിയിക്കുന്നത്. ഡെലിവറി ചെയ്യാത്ത ഇനങ്ങള്‍ ഇതിനകം ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് തപാല്‍ ചാര്‍ജ് റീഫണ്ട് ആവശ്യപ്പെടാമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.