വാഷിംഗ്്ടൺ: യുഎസിലെ ടെക്‌സസിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റുമരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. 23കാരനായ റിച്ചാർഡ് ഫ്‌ളോറസ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇന്ത്യൻ വിദ്യാർഥി ചന്ദ്രശേഖർ പോൾ (28) ആണ് പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചത്.
പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ ചന്ദ്രശേഖറിന് നേരെ വെടിയുതിർത്ത ശേഷം റിച്ചാർഡ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാളുടെ വാഹനത്തിൽ നിന്ന് ഒരു തോക്ക് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. പ്രതി നിലവിൽ ആശുപത്രിയിലാണുള്ളത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഫോർട്ട് വർത്ത് പോലീസ് വക്താവ് ഓഫീസർ ബ്രാഡ് പെരസ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഈസ്റ്റ്‌ചേസ് പാർക്ക്‌വേയിലെ ഫോർട്ട് വർത്ത് ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർഥി ചന്ദ്രശേഖർ പോൾ വെടിയേറ്റുമരിച്ചത്. ടെക്‌സസിലെ നോർത്ത് റിച്ച്‌ലാൻഡ് ഹിൽസ് സ്വദേശിയാണ് പിടിയിലായ റിച്ചാർഡ് ഫ്‌ളോറസ്. രക്ഷപ്പെട്ട് പോകുന്നതിനിടെ ഒരു വാഹനവുമായി തട്ടുകയും തുടർന്ന് ആ വാഹനത്തിൽ ഉണ്ടായിരുന്നയാളുമായി വഴക്കുണ്ടാക്കുകയും ചെയ്തു. തുടർന്ന് നിരവധി തവണ വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും റിച്ചാർഡ് ഫ്‌ളോറസിന് സാരമായി പരിക്കേറ്റു. ഇതോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചില പരിക്കുകൾ കാരണം പ്രതിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും ഒക്ടോബർ നാലിന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പോലീസ് പറഞ്ഞു. ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വെടിവെപ്പിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
കൊല്ലപ്പെട്ട ചന്ദ്രശേഖർ പോളിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഹൈദരാബാദിലുള്ള യുവാവിന്റെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഹ്യൂസ്റ്റണിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായുള്ള സഹായം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഹൈദരാബാദിൽ ഡെന്റൽ പിജി പൂർത്തിയാക്കിയ ചന്ദ്രശേഖർ പോൾ 2023ൽ ഉന്നത പഠനത്തിനായി അമേരിക്കയിൽ എത്തി. ആറ് മാസം മുൻപ് യുഎസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുകയും ചെയ്തു. പഠനം തുടരുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്
ടെക്‌സസിൽ ഗ്യാസ് സ്റ്റേഷനിൽ ജോലിക്കിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റുമരിച്ച സംഭവത്തിൽ 23 കാരൻ പിടിയിൽ
