ടെക്‌സസിലെ സെമികണ്ടക്ടര്‍ പദ്ധതി വിപുലീകരിക്കാന്‍ സാംസംഗിന് യുഎസ് സര്‍ക്കാര്‍ 6.4 ബില്യന്‍ ഡോളര്‍ സബ്‌സിഡി അനുവദിച്ചു

ടെക്‌സസിലെ സെമികണ്ടക്ടര്‍ പദ്ധതി വിപുലീകരിക്കാന്‍ സാംസംഗിന് യുഎസ് സര്‍ക്കാര്‍ 6.4 ബില്യന്‍ ഡോളര്‍ സബ്‌സിഡി അനുവദിച്ചു


ഓസ്റ്റിന്‍: ടെക്‌സസിലെ സെമികണ്ടക്ടര്‍ പദ്ധതിയുടെ വിപുലീകരണത്തിനായി യുഎസ് സര്‍ക്കാര്‍ സാംസംഗ് ഇലക്ട്രോണിക്‌സിന് 6.4 ബില്യന്‍ ഡോളര്‍ സബ്‌സിഡിയായി നല്‍കും. ടെക്‌സാസിലെ ടെയ്‌ലറില്‍ 17 ബില്യന്‍ ഡോളറിന്റെ സെമി കണ്ടക്ടര്‍ മാനുഫാക്ചറിംഗ് പ്ലാന്റ് ഉള്‍പ്പെടുന്ന നാല് സൈകര്യങ്ങളുടെ വികസനത്തിന് സബ്‌സിഡി സഹായകമാകും.

കൂടാതെ കരാറിന്റെ ഭാഗമായി സാംസംഗ് യുഎസില്‍ അര്‍ദ്ധചാലക പദ്ധതികളില്‍ 44 ബില്യന്‍ യുഎസ് ഡോളറിലധികം നിക്ഷേപിക്കും. ടെക്‌സസ് പ്ലാന്റിന്റെ വിപുലീകരണം പ്രദാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സാംസംഗിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയും സെമികണ്ടക്ടറുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ കമ്പനിയെ പ്രാപ്തമാക്കുകയും ചെയ്യും. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്ക് നിര്‍മായകമാകുന്ന നൂതന ചിപ്പുകളുടെ നിര്‍മാണത്തിനായിരിക്കും വിപുലീകരിക്കുന്ന ഫാക്ടറി ശ്രദ്ധകേന്ദ്രീകരിക്കുക.

സെമികണ്ടക്ടര്‍ വ്യവസായം യുഎസ് സമ്പദ് വ്യവസ്ഥയുടെ ഒരു നിര്‍ണായക മേഖലയാണ്. സാങ്കേതികവിദ്യ മുതല്‍ ഓട്ടോമോട്ടീവ് വരെയുള്ള വൈവിധ്യമാര്‍ന്ന വ്യവസായങ്ങളെ ഇത് ശക്തിപ്പെടുത്തുന്നു. എന്നിരുന്നാലും രാജ്യം കടുത്ത ചിപ്പ് ക്ഷാമം നേരിടുകയാണ്. ഇത് വിവിധ മേഖലകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ശക്തമായ ആഭ്യന്തര അര്‍ദ്ധചാലക വ്യവസായത്തിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനും അര്‍ധചാലകങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കമാണ് സാംസംഗിനുള്ള സബ്‌സിഡി.

സബ്‌സിഡി നല്‍കാനുള്ള യുഎസ് സര്‍ക്കാരിന്റെ തീരുമാനം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക നേതൃത്വം നിലനിര്‍ത്തുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള നയത്തിലെ മാറ്റത്തെയും ഇത് സൂചിപ്പിക്കുന്നു. അടുത്തിടെ യുഎസ് ഗവണ്മെന്റ് ഇന്റലിനും ടിഎസ്എംസിയ്ക്കും ഗണ്യമായ സബ്‌സിഡികള്‍ അനുവദിച്ചിരുന്നു.