വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിശ്വസ്തര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം. പകരത്തീരുവയുമായി ബന്ധപ്പെട്ടാണ് അഭിപ്രായ വ്യത്യാസം ഉടലെടുത്തത്.
കാര്യക്ഷമതാ വകുപ്പ് തലവന്‍ ഇലോണ്‍ മസ്‌കും ട്രംപിന്റെ ഉന്നത വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോയെയും തമ്മിലാണ് വാക്‌പോര് രൂക്ഷമായത്.
പീറ്റര്‍ നവാരോയെ മണ്ടനും വിഡ്ഢിയുമെന്ന പരിഹാസ വചനമാണ് മസ്‌ക് പറഞ്ഞത്. തിങ്കളാഴ്ച സി എന്‍ ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ മസ്‌കിനെ വിമര്‍ശിച്ചു കൊണ്ട് നവാരോ രംഗത്തെത്തിയിരുന്നു.
മസ്‌ക് കാര്‍ നിര്‍മാതാവല്ലെന്നും വിദേശ രാജ്യങ്ങളില്‍ നിന്ന് വാഹനങ്ങള്‍ക്ക് വില കുറഞ്ഞ ഭാഗങ്ങള്‍ വാങ്ങുന്ന കാര്‍ അസംബ്ലര്‍ മാത്രമാണെന്നുമായിരുന്നു നവാരോയുടെ ആക്ഷേപം. പ്രധാനമായും ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമാണ് ടെസ്‌ല ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍ ഉള്‍പ്പടെ ഇറക്കുമതി ചെയ്യുന്നത്. ഇവിടെയാണ് മസ്‌കിന്റെ നിലപാടുമായുള്ള വ്യത്യാസമെന്ന് പറഞ്ഞ നവാരോ അമേരിക്കയില്‍ നിര്‍മിച്ച ഉത്പന്നങ്ങളാണ് വേണ്ടത് എന്നു പറഞ്ഞാണ് മസ്‌കിനെ പരിഹസിച്ചത്.
ഇന്ത്യാനാ പൊളിസില്‍ നിര്‍മിച്ച ട്രാന്‍സ്മിഷനുകളും ഫ്‌ളിന്റിലും സാഗിനാവിലും നിര്‍മിച്ച എന്‍ജിനുകളുമാണ് തങ്ങള്‍ക്ക് വേണ്ടത് എന്നും ഇവിടെ നിര്‍മിക്കുന്ന കാറുകള്‍ വേണമെന്നതാണ് തങ്ങളുടെ നിലപാട് എന്നും പീറ്റര്‍ നവാരോ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് കാര്‍ ഭാഗങ്ങള്‍ വാങ്ങുന്നത് അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ദോഷകരമാണ് എന്നും ദേശീയ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്നുമാണ് നവാരോയുടെ നിലപാട്.
നവാരോയുടെ അഭിമുഖത്തിന് എക്‌സിലൂടെയാണ് മസ്‌ക് മറുപടി നല്‍കിയത്. നവാരോ ശരിക്കുമൊരു വിഡ്ഢിയും മണ്ടനുമാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. ടെസ്‌ലയ്ക്ക് ഉള്ളതില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ നിര്‍മിത കാറുകളാണെന്നും വാസ്തവങ്ങള്‍ അറിയാതെയാണ് നവാരോ മണ്ടത്തരം വിളിച്ചു പറയുന്നതെന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം. മാത്രമല്ല യു എസിനും യൂറോപ്പിനുമിടയില്‍ സീറോ താരിഫ് വേണമെന്നു വാദിക്കുന്ന വ്യവസായി കൂടിയാണ് മസ്‌ക്.