ന്യൂയോര്‍ക്ക്: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. സ്‌പെയിനില്‍ നിന്നുള്ള ഒരു കുടുംബത്തിലെ 5 പേരും അമേരിക്കക്കാരനായ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍ വച്ചും മരിച്ചതായി അധികൃതര്‍ പറഞ്ഞു
ഉച്ചകഴിഞ്ഞ് 3.15നാണ് അപകടത്തെക്കുറിച്ചുള്ള ആദ്യ അറിയിപ്പ് വന്നതെന്ന് അധികൃതര്‍ പറഞ്ഞു. ക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ ഉടന്‍ പുറപ്പെട്ടതായി, ന്യൂയോര്‍ക്കിലെ ഫയര്‍ കമ്മീഷണര്‍ റോബര്‍ട്ട് ടക്കര്‍ പറഞ്ഞു. .
ദുരന്തത്തിന് ഇരയായവരുടെ പേരുവിവരങ്ങള്‍ കുടുംബത്തെ അറിയിച്ച് സ്ഥിരീകരിച്ചതിനുശേഷം പുറത്തുവിടുമെന്ന് ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണര്‍ ജെസീക്ക ടിഷ് പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷണത്തിലാണ്.
മാന്‍ഹട്ടന്റെ പടിഞ്ഞാറന്‍ ഭാഗത്ത് നദിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ചുറ്റുമുള്ള പ്രദേശം വെസ്റ്റ് വില്ലേജ് എന്നറിയപ്പെടുന്നു. ഇത് ഷോപ്പിങ്ങിനും ഭക്ഷണത്തിനും പേരുകേട്ട ഒരു ട്രെന്‍ഡി ഏരിയയാണ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ പ്രധാന കാമ്പസിനും സമീപമാണ് ഈ സ്ഥലം.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളില്‍ ഹെലികോപ്റ്റര്‍ ആകാശത്ത് നിന്ന് തലകീഴായി ഹഡ്‌സണ്‍ നദിയിലേക്ക് വീഴുന്നത് കാണാം. ന്യൂജേഴ്‌സി തീരത്തേക്ക് നീങ്ങാന്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പാലത്തിനു മുകളില്‍ നിന്ന് തിരിഞ്ഞ ഉടന്‍ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബെല്‍ 206 2 ബ്ലേഡഡ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു.
സൈറ്റ് സീയിങ് കമ്പനികള്‍, ടെലിവിഷന്‍ ന്യൂ സ്‌റ്റേഷനുകള്‍, പൊലീസ് എന്നിവരാണ് ബെല്‍ 206 സാധാരണയായി ഉപയോഗിക്കുന്നത്.
2018ല്‍ ഒരു ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ ഈസ്റ്റ് നദിയില്‍ തകര്‍ന്നു വീണ അപകടത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2009ല്‍, ഇറ്റാലിയന്‍ വിനോദസഞ്ചാരികളുമായി പോയ ഒരു ഹെലികോപ്റ്റര്‍ ഹഡ്‌സണ്‍ നദിക്ക് മുകളില്‍ ഒരു സ്വകാര്യ വിമാനവുമായി കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചിരുന്നു.
ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്റര്‍ നദിയില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു
