സുനിത വില്യംസും ബുച്ചും ഇല്ലാതെ സ്റ്റാര്‍ ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങി

സുനിത വില്യംസും ബുച്ചും ഇല്ലാതെ സ്റ്റാര്‍ ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങി


നാസ: സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ബഹിരാകാശ നിലയത്തിലെത്തിച്ച ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ഇരവരും ഇല്ലാതെ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി. തകരാര്‍ സംഭവിച്ച സ്റ്റാര്‍ ലൈനറിലെ മടക്കയാത്ര സുരക്ഷിതമല്ലാത്തതിനാലാണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തില്‍ തന്നെ തങ്ങുന്നത്.

ഓട്ടോണമസ് മോഡിലേക്ക് മാറിയ സ്റ്റാര്‍ലൈനര്‍ പേടകം ഓര്‍ബിറ്റ് ലാബില്‍ നിന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് അണ്‍ഡോക്ക് ചെയ്തതായി നാസ അറിയിച്ചു..

പല തവണ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട പേടകത്തില്‍ സുനിതയും ബുച്ചും മടങ്ങുന്നത് അപകടകരമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് സ്റ്റാര്‍ലൈനര്‍ ഒറ്റയ്ക്കു മടങ്ങുന്നതിനുള്ള തീരുമാനമുണ്ടായത്. ബഹിരാകാശ നിലയത്തില്‍ തന്നെ കഴിയുന്ന സുനിതയെയും ബുച്ചിനെയും തിരികെ കൊണ്ടുവരാന്‍ സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ഉഫയോഗിക്കും. അടുത്തവര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരുടെയും മടക്കയാത്ര തീരുമാനിച്ചിട്ടുള്ളത്.

എട്ടു ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് പോയവരാണ് 8 മാസം ബഹിരാകാശത്ത് കഴിയേണ്ടി വന്നത്. സ്റ്റാര്‍ലൈനറിന്റെ ലാന്‍ഡിങ് നാസ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. അമേരിക്കന്‍ സമയം രാത്രി 11നും 12നും ഇടയില്‍ പേടകം ഭൂമിലെത്തും എന്നാണ് കരുതുന്നത്.

നിലവില്‍ വിവാദങ്ങളില്‍ പെട്ട് പ്രതിസന്ധിയിലായ ബോയിംഗിന്, സ്റ്റാര്‍ലൈനറിന്റെ പ്രശ്‌നങ്ങള്‍ ഇരട്ട പ്രഹരമാണ് നല്‍കുന്നത്. അടുത്തിടെ തുടരെ ഉണ്ടായ വിമാനങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങളും അഞ്ച് വര്‍ഷം മുമ്പ് നടന്ന രണ്ട് മാരകമായ അപകടങ്ങളും ബോയിങ്ങിനു വലിയ തിരിച്ചടികളാണ് നല്‍കിയത്. സല്‍പ്പേര് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്റ്റാര്‍ലൈനറിനുണ്ടായ തകരാര്‍ കമ്പനിയെ വീണ്ടും പ്രശ്‌നത്തിലാക്കിയത്. അതുകൊണ്ടുതന്നെ സ്റ്റാര്‍ലൈനര്‍ പ്രശ്‌നരഹിതമായി ഭൂമി തൊടുന്ന നിമിഷത്തിനായി നാസയും ബോയിങ്ങും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.