യുഎസ് സര്‍വ്വകലാശാലകളില്‍ പാലസ്തീന്‍ അനുകൂല പ്രക്ഷോഭം; പോലീസുമായി സംഘര്‍ഷം

യുഎസ് സര്‍വ്വകലാശാലകളില്‍ പാലസ്തീന്‍ അനുകൂല പ്രക്ഷോഭം;  പോലീസുമായി സംഘര്‍ഷം


ന്യൂയോര്‍ക്ക്: ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് യുഎസിലെ സര്‍വകലാശാല കാമ്പസുകളില്‍ പാലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം സംഘര്‍ഷത്തിലും കൂട്ട അറസ്റ്റിലും കലാശിച്ചു. പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തുന്ന നിലയിലേക്ക് പ്രതിഷേധം രൂക്ഷമായി. പോലീസിന് നേരെ വിദ്യാര്‍ത്ഥികള്‍ കുപ്പികളും മറ്റുവസ്തുക്കളും എറിഞ്ഞ് പ്രതിരോധം തീര്‍ത്തു. നിരവധി പേരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. സംഘര്‍ഷത്തന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ക്ലാസുകള്‍ അടച്ചുപൂട്ടി.

ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ പ്രതിഷേധം ആളിക്കത്തി. 'ഇസ്രായേലി വര്‍ണ്ണവിവേചനം, വംശഹത്യ, പാലസ്തീനിലെ അധിനിവേശം എന്നിവയില്‍ നിന്ന് ലാഭമുണ്ടാക്കുന്ന' കമ്പനികളില്‍ നിന്ന് പിന്മാറാന്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് (എന്‍വൈപിഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ കുപ്പികള്‍ എറിയുകയും ആരോ പോലീസ് ഉദ്യോഗസ്ഥരുടെ ഹെല്‍മെറ്റില്‍ അടിച്ച് ഒരു കസേര തകര്‍ക്കുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി.

കുറ്റവാളികളെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച സ്വകാര്യ സര്‍വ്വകലാശാലകളില്‍ നിന്ന് 120 ഓളം പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പോലീസ്  റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പ്രക്ഷോഭത്തിന്റെ പേരില്‍ വിദൂര ക്ലാസുകള്‍ നീട്ടാനുള്ള കൊളംബിയ സര്‍വകലാശാലയുടെ തീരുമാനത്തെ 'ഗുരുതരമായ തെറ്റ്' എന്ന് മുന്‍ യുഎസ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചു.

സ്പ്രിംഗ് സെമസ്റ്റര്‍ അവസാനിക്കുന്നതുവരെ എല്ലാ ക്ലാസുകളും ഹൈബ്രിഡ് ആക്കുന്നതില്‍ കൊളംബിയ സര്‍വകലാശാലയുടെ നേതൃത്വം 'ഗുരുതരമായ തെറ്റ്' ചെയ്തതായി ട്രംപ് ചൊവ്വാഴ്ച (ഏപ്രില്‍ 23) പറഞ്ഞു.

''ഇപ്പോള്‍ കൊളംബിയ അടച്ചുപൂട്ടുന്ന കോളേജുകളില്‍ എന്താണ് സംഭവിക്കുന്നത്? ഇത് വെറും ഭ്രാന്താണ്. കൊളംബിയയ്ക്ക് അല്‍പ്പം ശക്തിയും അല്‍പ്പം ധൈര്യവും ലഭിക്കുകയും അവരുടെ സ്‌കൂള്‍ തുറന്നിടുകയും വേണം. അടച്ചിട്ടാല്‍ അതിനര്‍ത്ഥം മറുഭാഗം വിജയിക്കുമെന്നാണ്-ട്രംപ് പറഞ്ഞു. ''കൊളംബിയ നടത്തുന്ന ആളുകള്‍ ഗുരുതരമായ തെറ്റ് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റിയിലെ സ്റ്റാഫുകള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം വിദ്യാര്‍ത്ഥികളും ഗാസയെ പിന്തുണച്ച് സമാധാനപരമായ രീതിയില്‍ പ്രതിഷേധം തുടങ്ങി.

പ്രതിഷേധക്കാരില്‍ ചിലര്‍ ടെന്റുകള്‍ സ്ഥാപിച്ച് സ്ലീപ്പിംഗ് ബാഗുകള്‍ കൊണ്ടുവന്നു, ഇത് സ്‌കൂള്‍ നയത്തിന്റെ ലംഘനമാണെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

'സായാഹ്നം മുഴുവനും, സംഭവങ്ങളില്ലാതെ പോലീസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. അര്‍ദ്ധരാത്രിയോടെ  പ്രതിഷേധക്കാരുടെ കൂടാരങ്ങള്‍ പോലീസ് സാന്നിധ്യത്തില്‍ നീക്കം ചെയ്തു.