യുഎസിൽ മലകയറ്റത്തിനിടെ അപകടം: ഇന്ത്യൻവംശജനടക്കം 3 പേർ മരിച്ചു; ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

യുഎസിൽ മലകയറ്റത്തിനിടെ അപകടം: ഇന്ത്യൻവംശജനടക്കം 3 പേർ മരിച്ചു; ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു


വാഷിംഗ്ടൺ : യു.എസിൽ  മല കയറുന്നതിനിടെ അപകടത്തിൽപെട്ട് ഇന്ത്യൻ വംശജൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. വാഷിംഗ്്ടൺ സംസ്ഥാനത്തിന്റെ നോർത്ത് കാസ്‌കേഡ്‌സ് റേഞ്ചിലാണ് അപകടം. ഐ.ടി വിദഗ്ധനായ വിഷ്ണു ഇരിഗ റെഡ്ഡി (48) ആണ് മരിച്ച ഇന്ത്യൻ വംശജൻ.

ശനിയാഴ്ച കാസ്‌കേഡ്‌സിലെ പാറക്കൂട്ടങ്ങളായ നോർത്ത് ഏർലി വിന്റേഴ്‌സ് സ്‌പൈയർ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ടിം എൻഗുയെൻ (63), ഒലെക്സാണ്ടർ മാർട്ടിനെങ്കോ (36), ആന്റൺ സെലിഖ് (38) എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ശക്തമായ കാറ്റ് വരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മൂവരും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ 400 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നെന്ന് ഒകനോഗൻ കൗണ്ടി പൊലീസ് മേധാവി ക്രിസ്റ്റീന വുഡ്വർത്ത് പറഞ്ഞു.

സെലിഖ് മാത്രമാണ് വീഴ്ചയിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. മണിക്കൂറുകളോളം അബോധാവസ്ഥയിൽ കിടന്ന ശേഷം സെലിഖ് 64 കിലോമീറ്റർ കാർ ഓടിച്ചുപോയാണ് അപകടത്തെക്കുറിച്ച് അധികൃതരെ വിവരമറിയിച്ചത്. ഗ്രേറ്റർ സീറ്റിൽ ഏരിയയിലെ ഫ്‌ളൂക്ക് കോർപറേഷനിൽ എൻജിനീയറിങ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു.