ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം നിര്‍ത്തിയതിന് കാരണം വ്യാപാര ഭീഷണിയെന്ന് വീണ്ടും ട്രംപ്

ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം നിര്‍ത്തിയതിന് കാരണം വ്യാപാര ഭീഷണിയെന്ന് വീണ്ടും ട്രംപ്


വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്താനുമായുള്ള എല്ലാ കരാറുകളും റദ്ദാക്കുമെന്ന്' ഭീഷണിപ്പെടുത്തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്നും അത് തടയാന്‍ തങ്ങള്‍ ധാരാളം കാര്യങ്ങള്‍ ചെയ്തുവെന്നും ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത ഒരു പ്രസിഡന്റ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും ട്രംപ് പറഞ്ഞു. 

ജന്മാവകാശ പൗരത്വ കേസില്‍ രാജ്യവ്യാപകമായി നിരോധനാജ്ഞ പുറപ്പെടുവിക്കുന്നതിനുള്ള കീഴ്ക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള യു എസ് സുപ്രിം കോടതി വിധികള്‍ക്ക് ശേഷം വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

സംഘര്‍ഷം രൂക്ഷമാവുകയാണെങ്കില്‍ യു എസ് അവരുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവയ്ക്കുമെന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും കര്‍ശന മുന്നറിയിപ്പ് നല്‍കിയതായി ട്രംപ് ഓര്‍മ്മിപ്പിച്ചു. സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിജ്ഞാബദ്ധരല്ലെങ്കില്‍ ഇരു രാജ്യങ്ങളുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

സമാനമായ മുന്നറിയിപ്പ് സെര്‍ബിയ- കൊസോവോ സാഹചര്യങ്ങളിലും ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

സെര്‍ബിയയും കൊസോവോയും തമ്മില്‍ വലിയ യുദ്ധത്തിലേക്കാണ് പോകുന്നതെന്ന് അമേരിക്കയുമായി ഒരു വ്യാപാരവുമുണ്ടാകില്ലെന്നും ഇന്ത്യയും പാകിസ്ഥാനും അതാണ് സംഭവിച്ചതെന്നും താന്‍ പറഞ്ഞതായും ട്രംപ് വിശദമാക്കി. ട്രഷറി സെക്രട്ടറി, കൊമേഴ്‌സ് സെക്രട്ടറി തുടങ്ങിയവരോടെല്ലാം ഇന്ത്യയും പാകിസ്ഥാനുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാന്‍ താന്‍ ആവശ്യപ്പെട്ടതായും യുദ്ധത്തിലുള്ള ഇരു രാജ്യങ്ങളുമായി തങ്ങള്‍ വ്യാപാരം നടത്തുന്നില്ലെന്നും ട്രംപ് പറഞ്ഞു. 

എന്നാല്‍ പാകിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ നേരിട്ടുള്ള ആശയവിനിമയത്തിന്റെ ഫലമാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.