'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ഇനി 'സൂപ്പർ ഇന്റലിജൻസ്'; പദപ്രയോഗം മാറ്റി ട്രംപ്

'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ഇനി 'സൂപ്പർ ഇന്റലിജൻസ്'; പദപ്രയോഗം മാറ്റി ട്രംപ്


വാഷിങ്ടൺ: അമേരിക്കൻ ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും ആശയവിനിമയങ്ങളിലും 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്നതിന് പകരം 'സൂപ്പർ ഇന്റലിജൻസ്' (SI) എന്ന പദം ഉപയോഗിക്കാൻ നിർദേശം നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'ഇനാഗുറേറ്റിങ് ദ എറ ഓഫ് സൂപ്പർ ഇന്റലിജൻസ്' എന്ന പേരിലുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് പുതിയ പദപ്രയോഗം നിർദേശിച്ചിരിക്കുന്നത്. ഫെഡറൽ വകുപ്പുകളും ഏജൻസികളും ഔദ്യോഗിക കത്തിടപാടുകൾ, പൊതുആശയവിനിമയങ്ങൾ, നയരേഖകൾ, റിപ്പോർട്ടുകൾ എന്നിവയിൽ 'സൂപ്പർ ഇന്റലിജൻസ്', 'SI' എന്നീ പദങ്ങൾ ഉപയോഗിക്കണം. നിലവിലുള്ള നിയമങ്ങൾ, കരാറുകൾ, മുൻകാല രേഖകൾ എന്നിവയ്ക്ക് മാറ്റം ബാധകമല്ല.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ പ്രമുഖ ടെക് കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഉത്തരവ്. ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, ജെൻസൻ ഹുവാങ് തുടങ്ങിയ ടെക് മേഖലയിലെ പ്രമുഖർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എഐ സങ്കേതികവിദ്യയുടെ സുരക്ഷിത വികസനം, വ്യവസായത്തിന്റെ ഉത്തരവാദിത്തം, അമേരിക്കയുടെ സങ്കേതികദേശീയ സുരക്ഷാ മുൻതൂക്കം എന്നിവ ചർച്ചയായി.

'ആർട്ടിഫിഷ്യൽ' എന്ന പദം സങ്കേതികവിദ്യയുടെ നിലവിലെ ശേഷിയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. മനുഷ്യന്റെ കഴിവുകളെ മറികടക്കുന്ന സംവിധാനങ്ങളെയാണ് സങ്കേതികരംഗത്ത് സാധാരണയായി 'സൂപ്പർ ഇന്റലിജൻസ്' എന്നു വിശേഷിപ്പിക്കുന്നത്. അതിനാൽ പദമാറ്റം ശാസ്ത്രീയമായ പുതിയ സങ്കേതികവിദ്യ നിലവിൽ വന്നുവെന്ന പ്രഖ്യാപനമല്ല; സർക്കാരിന്റെ ഔദ്യോഗിക ഭാഷയിലെ മാറ്റമാണ്.

അതേസമയം, എഐയുടെ നിയന്ത്രണം സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് പദമാറ്റവും. സങ്കേതിക വളർച്ച തടയാതെ സുരക്ഷ ഉറപ്പാക്കണമെന്ന നിലപാടാണ് ട്രംപ് ആവർത്തിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള സങ്കേതിക മത്സരവും പുതിയ പദപ്രയോഗത്തിന് പിന്നിലെ വിശാലമായ പശ്ചാത്തലമായി മാറുന്നു.