വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശക വിസയ്ക്കുള്ള അഭിമുഖത്തിന് ഇന്ത്യയിലെ അപേക്ഷകര്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 346 ദിവസം കാത്തിരിക്കേണ്ടിവന്നതായി യു എസ് ഫെഡറല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. കോവിഡിന് മുമ്പുണ്ടായിരുന്ന ശരാശരി 42 ദിവസത്തേക്കാള്‍ എട്ട് മടങ്ങിലേറെയാണ് നിലവിലെ കാത്തിരിപ്പ്.
സെപ്റ്റംബര്‍ 28ന് പുറത്തുവിട്ട റിപ്പോര്‍ട്ട് യു എസ് ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫിസാണ് തയ്യാറാക്കിയത്. ഇന്ത്യയില്‍ നിന്നും യു എസ് വിസയ്ക്കുള്ള ആവശ്യം വര്‍ധിച്ചെന്ന് മാത്രമല്ല കോണ്‍സുലര്‍ ജീവനക്കാരുടെ ശേഷിക്ക് താങ്ങാവുന്നതിലും അധികമായതാണ് നീണ്ട കാത്തിരിപ്പിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
346 ദിവസമെന്ന കണക്ക് 2025 സാമ്പത്തിക വര്‍ഷത്തിലെ അഭിമുഖത്തിനായി കാത്തിരുന്ന കാലയളവിന്റെ ശരാശരിയാണ് സൂചിപ്പിക്കുന്നത്. അഭിമുഖത്തിന് ശേഷം അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ വേണ്ടിവരുന്ന സമയമോ നിലവില്‍ അപേക്ഷിക്കുന്ന ഒരാള്‍ക്ക് നേരിടേണ്ടിവരുന്ന കാത്തിരിപ്പോ ഈ കണക്ക് പ്രതിഫലിപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2025ല്‍ ഇന്ത്യയില്‍ ഏകദേശം 14,55,255 നോണ്‍- ഇമിഗ്രന്റ് വിസ അപേക്ഷകള്‍ ലഭിച്ചതായി ഫെഡറല്‍ ഓഡിറ്റില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഇന്ത്യയില്‍ 68 കോണ്‍സുലര്‍ ഉദ്യോഗസ്ഥരാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതായത് ഒരു ഉദ്യോഗസ്ഥന് ശരാശരി 21,401 അപേക്ഷകള്‍ വീതം കൈകാര്യം ചെയ്യേണ്ടിവന്നു.
ഈ കണക്കുകളില്‍ വിവിധ താത്ക്കാലിക വിസ വിഭാഗങ്ങളിലെ അപേക്ഷകള്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം, 346 ദിവസത്തെ കാത്തിരിപ്പ് പ്രത്യേകമായി സന്ദര്‍ശക വിസ അഭിമുഖത്തിനുള്ളതാണ്.
വലിയ വിസ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ സന്ദര്‍ശക വിസ അഭിമുഖത്തിനുള്ള ശരാശരി കാത്തിരിപ്പ് 34 ദിവസവും ബ്രസീലില്‍ 32 ദിവസവുമായിരുന്നു.
ഇന്ത്യയുമായി സമാനമായ തോതില്‍ ഒരു കോണ്‍സുലര്‍ ഉദ്യോഗസ്ഥന് അപേക്ഷകള്‍ കൈകാര്യം ചെയ്യേണ്ടിവന്ന മെക്‌സിക്കോയില്‍ ശരാശരി കാത്തിരിപ്പ് 283 ദിവസമായിരുന്നു. ഏറ്റവും കൂടുതല്‍ ശരാശരി കാത്തിരിപ്പ് രേഖപ്പെടുത്തിയ 10 രാജ്യങ്ങളില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്.
ന്യൂഡല്‍ഹിക്കു പുറമെ മെക്‌സിക്കോ സിറ്റി, ബീജിങ്, സാവോ പോളോ എന്നിവിടങ്ങളിലും ഓഡിറ്റ് സംഘം പരിശോധന നടത്തി. ഇന്ത്യയിലെയും മെക്‌സിക്കോയിലെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ കോവിഡിന് ശേഷം വര്‍ധിച്ച അപേക്ഷകളും ജീവനക്കാരുടെ കുറവും വിസ അപേക്ഷകളുടെ കുടിശ്ശിക തീര്‍ക്കുന്നതിന് തടസ്സമായതായി വ്യക്തമാക്കി.
നാല് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ അപേക്ഷകളുടെ എണ്ണത്തിന് അനുസരിച്ചുള്ള ജീവനക്കാര്‍ ഇല്ലാത്തതാണ് അഭിമുഖത്തിനുള്ള കാലതാമസത്തിന് പ്രധാന കാരണങ്ങളിലൊന്ന്.
ന്യൂഡല്‍ഹിയിലെ വിസ അഭിമുഖത്തിനുള്ള സൗകര്യങ്ങളുടെ എണ്ണവും ഒരു പ്രധാന പരിമിതിയായി ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അപേക്ഷകളുടെ എണ്ണം കൈകാര്യം ചെയ്യാന്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് അനുസരിച്ച് മതിയായ അഭിമുഖ വിന്‍ഡോകള്‍ ന്യൂഡല്‍ഹിയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യു എസ് എംബസിക്ക് പുറത്തും അധിക കാത്തിരിപ്പ് കേന്ദ്രങ്ങളിലുമായി നൂറുകണക്കിന് അപേക്ഷകര്‍ കാത്തുനില്‍ക്കുന്നതും ഓഡിറ്റ് സംഘം നിരീക്ഷിച്ചു.
എംബസി വളപ്പിലെ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള പദ്ധതി നിലവിലുണ്ടെങ്കിലും അഭിമുഖ വിന്‍ഡോകളുടെ എണ്ണം ഇതോടെ വര്‍ധിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചില അപേക്ഷകള്‍ പരിശോധിക്കുന്നതിനുള്ള അധിക ജോലി ഭാരവും പണമടച്ച് വീസ സേവനം നല്‍കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തനവും ഉദ്യോഗസ്ഥര്‍ മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നു.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ ഓഡിറ്റ് സംഘത്തോട് പറഞ്ഞതനുസരിച്ച്, ചില ഏജന്റുമാര്‍ പുതിയ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് ബുക്ക് ചെയ്ത് പിന്നീട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നുണ്ട്. ഈ രീതിയെ നിയന്ത്രിക്കുന്നതിന് വിസ അപ്പോയിന്റ്‌മെന്റ് സംവിധാനം ഡിപ്പാര്‍ട്ട്‌മെന്റ് പരിഷ്‌കരിച്ചിട്ടുണ്ട്.
വിസ അപേക്ഷകളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
2024 സാമ്പത്തിക വര്‍ഷത്തില്‍ അഭിമുഖത്തില്‍നിന്ന് ഒഴിവാക്കാന്‍ അര്‍ഹതയുണ്ടായിരുന്ന ന്യൂഡല്‍ഹിയിലെ സന്ദര്‍ശക വിസ അപേക്ഷകളില്‍ 80.6 ശതമാനം വാഷിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വിഭാഗം വിദൂരമായി കൈകാര്യം ചെയ്തു.
ഇതിന് പുറമെ ന്യൂഡല്‍ഹിയിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ അധിക ശനിയാഴ്ചകളില്‍ ജോലി ചെയ്ത് വിസ അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ശ്രമിച്ചുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി.
