ധാക്ക: ബംഗ്ലാദേശിലെ റൂപ്പൂര്‍ ആണവനിലയത്തിലേക്ക് ആണവ ഇന്ധനവുമായി പോയ റഷ്യന്‍ വിമാനത്തിന് പാകിസ്താന്‍ വ്യോമപാത അനുമതി നിഷേധിച്ചു. ഇതോടെ പാകിസ്താന്റെ നടപടി ബംഗ്ലാദേശിന് തിരിച്ചടിയായി. ബംഗ്ലാദേശില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ഷെയ്ഖ് ഹസീന അധികാരത്തില്‍നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്താനുമായി ബംഗ്ലാദേശ് അടുപ്പം വര്‍ധിപ്പിച്ചിരുന്നു.
ബംഗ്ലാദേശിലെ ആദ്യ ആണവനിലയമായ റൂപ്പൂരിലെ രണ്ടാം യൂണിറ്റിലേക്ക് ആവശ്യമായ ആദ്യഘട്ട ആണവ ഇന്ധനം സെപ്റ്റംബര്‍ 24ന് എത്തിക്കാനായിരുന്നു പദ്ധതി. രാജ്യത്തെ ആദ്യ ആണവനിലയത്തില്‍ എത്രയും വേഗം വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതോത്പാദനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ഇന്ധനവിതരണത്തില്‍ തടസ്സമുണ്ടായത്. വ്യോമപാത അനുമതി നിഷേധം ആണവ ഇന്ധനം എത്തിക്കാനുള്ള സമയം വൈകുകയും നിലയത്തിന്റെ പ്രവര്‍ത്തന സമയക്രമത്തെ ഇത് ബാധിക്കുകയും ചെയ്യും.
കോവിഡ്, റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ കാരണങ്ങളെ തുടര്‍ന്ന് റൂപ്പൂര്‍ പദ്ധതി നേരത്തേ തന്നെ രണ്ട് വര്‍ഷത്തോളം വൈകിയിരുന്നു.
റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആണവോര്‍ജ കമ്പനിയായ റോസാറ്റമാണ് റൂപ്പൂര്‍ പദ്ധതി നടപ്പാക്കുന്നത്. ബംഗ്ലാദേശിലേക്കുള്ള യുറേനിയം ഇന്ധനത്തിന്റെ വിതരണ ചുമതലയും റോസാറ്റത്തിനാണ്.
പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയില്ലെന്ന് ബംഗ്ലാദേശ് ശാസ്ത്ര- സാങ്കേതിക മന്ത്രി ഫഖീര്‍ മഹ്ബൂബ് അനാം സ്ഥിരീകരിച്ചു. അനുമതി നിഷേധിച്ചതിന്റെ കാരണം ഇസ്ലാമാബാദ് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആണവ ഇന്ധനവുമായി റഷ്യയില്‍നിന്ന് പുറപ്പെട്ട വിമാനം അസര്‍ബൈജാന്‍, കസാഖിസ്താന്‍, പാകിസ്താന്‍, ഇന്ത്യ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ധാക്കയിലെത്തേണ്ടിയിരുന്നത്.
അവസാന നിമിഷത്തിലാണ് പാകിസ്താന്‍ വ്യോമപാത അനുമതി നിഷേധിച്ചതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏത് രാജ്യമാണ് വ്യോമപാത അനുമതി നിഷേധിച്ചതെന്ന കാര്യത്തില്‍ ബംഗ്ലാദേശ് ആണവോര്‍ജ കമീഷന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിമാനത്താവളത്തില്‍ ഇന്ധനവിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് റോസാറ്റത്തിന് വ്യോമപാത അനുമതി ലഭിച്ചിട്ടില്ലെന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചതെന്ന് ശാസ്ത്ര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തൗഹിദുല്‍ ഇസ്ലാം പറഞ്ഞു.
ബദല്‍ വ്യോമപാതയിലൂടെ ഇന്ധനം എത്തിക്കുന്നതിനുള്ള പുതിയ ക്രമീകരണം റോസാറ്റം നടത്തിയതായി ദ ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. റൂപ്പൂര്‍ ആണവനിലയത്തിലേക്കുള്ള ആണവ ഇന്ധന വിതരണം ഒക്ടോബറില്‍ പുന:രാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബംഗ്ലാദേശിലേക്കുള്ള ശേഷിക്കുന്ന ഇന്ധനശേഖരം ഡിസംബറോടെ ഏഴ് പ്രത്യേക കാര്‍ഗോ വിമാനങ്ങളിലായി എത്തിക്കുമെന്ന് റോസാറ്റം അറിയിച്ചു. പദ്ധതി സമയക്രമത്തെ ഇത് ബാധിക്കില്ലെന്നും കമ്പനി ഉറപ്പുനല്‍കി.
സംഭവത്തില്‍ ഇസ്ലാമാബാദില്‍നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായില്ല. എന്നാല്‍ ധാക്കയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ സംഭവത്തിന് പിന്നില്‍ സാങ്കേതികവും നടപടിക്രമപരവുമായ പ്രശ്‌നങ്ങളാണ് ഉണ്ടായതെന്ന് വ്യക്തമാക്കി.
ബംഗ്ലാദേശുമായുള്ള ബന്ധത്തിന് പാകിസ്താന്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും സംഭവത്തെ അതിന്റെ സാങ്കേതിക പശ്ചാത്തലത്തില്‍ മാത്രം കാണണമെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പദ്മ നദിക്കരയില്‍ നിര്‍മിക്കുന്ന റൂപ്പൂര്‍ ആണവനിലയം ബംഗ്ലാദേശിന്റെ ഊര്‍ജസുരക്ഷാ പദ്ധതിയില്‍ തന്ത്രപ്രധാനമായ സ്ഥാനമാണ് വഹിക്കുന്നത്. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണിത്.
ലോകത്തിലെ പ്രധാന വൈദ്യുതി ഇറക്കുമതി രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശ് നിലവില്‍ ഇന്ത്യയില്‍നിന്നാണ് വൈദ്യുതിയുടെ വലിയൊരു ഭാഗം ലഭ്യമാക്കുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന നട്ടെല്ലായ വസ്ത്രനിര്‍മാണ വ്യവസായത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കുന്നതും നിര്‍ണായകമാണ്.
ഈ വര്‍ഷം ഏപ്രിലില്‍ റൂപ്പൂര്‍ ആണവനിലയത്തിലെ ഒന്നാം യൂണിറ്റില്‍ ആണവ ഇന്ധനം നിറയ്ക്കല്‍ ആരംഭിച്ചതോടെ ആണവ വൈദ്യുതി ഉത്പാദനത്തിലേക്ക് കടക്കാനുള്ള നിര്‍ണായക ഘട്ടത്തിലേക്ക് ബംഗ്ലാദേശ് പ്രവേശിച്ചിരുന്നു. രാജ്യത്ത് ആദ്യമായി ആണവനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ഇതോടെ തുടക്കമായി.
ആഗസ്റ്റിലാണ് നിലയത്തിന്റെ അന്തിമഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ഒക്ടോബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏകദേശം 300 മെഗാവാട്ട് വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഡിസംബറില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ആണവ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ 33-ാമത്തെ രാജ്യമായി ബംഗ്ലാദേശ് മാറും.
രണ്ടുമാസത്തിലേറെയായി ബംഗ്ലാദേശ് കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് നേരിടുന്നത്. ഇറാനുമായി ബന്ധപ്പെട്ട ദീര്‍ഘകാല യുദ്ധസാഹചര്യവും ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തെ വലിയ തോതില്‍ ആശ്രയിക്കുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
വസ്ത്രം, ഭക്ഷണം, സെറാമിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ ഫാക്ടറികളുടെ ഉത്പാദനം കുറയ്ക്കുന്നതിന് വൈദ്യുതി ക്ഷാമം കാരണമായി.
പ്രകൃതിവാതകം ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങളെയാണ് ബംഗ്ലാദേശ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതിനായി ഖത്തര്‍ ഉള്‍പ്പെടെയുള്ള മധ്യപൂര്‍വദേശ രാജ്യങ്ങളില്‍നിന്ന് ചെലവേറിയ പ്രകൃതിവാതകം കൂടുതലായി ഇറക്കുമതി ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചതും ബംഗ്ലാദേശിന്റെ ഊര്‍ജവിതരണത്തെ സാരമായി ബാധിച്ചു.
